സനൂപിന്റെ‌ അരുംകൊല; മുഖ്യപ്രതി അറസ്‌റ്റിൽ; പിടിയിലായത്‌ സംഘപരിവാർ പ്രവർത്തകൻ



കുന്നംകുളം സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി  അറസ്റ്റിൽ. ആർഎസ്എസ്–-  സംഘപരിവാർ പ്രവർത്തകനായ ചിറ്റിലങ്ങാട് തറയിൽ നന്ദനൻ (50) ആണ്  അറസ്‌റ്റിലായത്. കൊലപാതകത്തിനിടെ ഇടതുകൈയിൽ മുറിവേറ്റ നന്ദനൻ  തൃശൂരിൽ  സ്വകാര്യ ആശുപത്രിയിൽ  ചികിത്സതേടിയശേഷം ഓട്ടോറിക്ഷയിൽ പോകുമ്പോൾ അശ്വിനി ആശുപത്രി പരസരത്തുനിന്നാണ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സനൂപിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്‌ താനാണെന്ന്‌ സമ്മതിച്ചതായും പൊലീസ്‌ പറഞ്ഞു.  കൊലയാളി സംഘത്തിലുണ്ടായിരുന്ന അരണംകോട്ട് വീട്ടിൽ അഭയ്ജിത്, മരിയോൻ എന്ന കരിമ്പനയ്ക്കൽ സതീഷ്‌  എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. ഇവരെ ഉടൻ പിടികൂടുമെന്ന് കമീഷണർ  ആർ ആദിത്യ അറിയിച്ചു. കുന്നംകുളം എസിപി  ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.  നേരത്തേ വിദേശത്തായിരുന്ന നന്ദനൻ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്ത്  ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും  നടപടിയാരംഭിച്ചിരുന്നു. ഇയാളുടെ ഭാര്യവീട്ടിൽ റെയ്ഡ് നടത്തി പാസ്പോർട്ട്‌ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു.  ഞായറാഴ്ച രാത്രിയായിരുന്നു‌ അതിക്രൂരമായ കൊലപാതകം.  സിപിഐ എം പ്രവർത്തകനായ മിഥുനുമായി അക്രമിസംഘം അനാവശ്യ തർക്കമുണ്ടാക്കിയിരുന്നു. മിഥുനെ വീട്ടിൽ കൊണ്ടുവിടാൻ  രാത്രി ബൈക്കിൽ പോകുമ്പോൾ ചിറ്റിലങ്ങാട്‌വച്ച്‌ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പനക്കൽ ബേബിയുടെ മകൻ വിപിൻ (28), മുട്ടിൽ ജിതിൻ (25), അഭിജിത് എന്നിവർക്കും പരിക്കേറ്റു.  കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, സംഘംചേരൽ ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ്‌  എരുമപ്പെട്ടി പൊലീസ്‌ കേസെടുത്തത്‌. Read on deshabhimani.com

Related News