കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന്‌ സ്റ്റാര്‍ട്ടപ്‌ പുരസ്‌കാരം കേരളത്തിന്



സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളിൽ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാർട്ടപ്‌ മിഷനിൽ ഇൻകുബേറ്റ്‌ ചെയ്ത നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, ജെൻ റോബോട്ടിക്‌സ്‌ എന്നീ സ്റ്റാർട്ടപ്പുകൾക്കും ജാക്ക് ഫ്രൂട്ട് 365- എന്ന ഉൽപ്പന്നത്തിനുമാണ്‌ പുരസ്‌കാരം. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് വ്യവസായ പ്രോത്സാഹന ആഭ്യന്തര വ്യാപാരവകുപ്പ്‌ (ഡിപിഐഐടി) ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌. 12 മേഖലയിലായി 32 സ്ഥാപനം പുരസ്‌കാരത്തിന്‌ അർഹരായി. കള്ളുചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈൻ ആൻഡ് ഇന്നൊവേഷന്‌ കാർഷിക ഉൽപ്പാദക വിഭാഗത്തിലാണ്‌ പുരസ്‌കാരം‌. തെങ്ങിൽ കയറാതെ കള്ളുചെത്താനുള്ള യന്ത്രമാണ് വികസിപ്പിച്ചത്. സൗരോർജത്തിലാണ്‌ പ്രവർത്തനം‌. 28 രാജ്യത്ത്‌ യന്ത്രത്തിന് പേറ്റന്റുണ്ട്‌. ക്യാമ്പസുകളിൽനിന്ന് ആരംഭിച്ച സ്റ്റാർട്ടപ്‌ വിഭാഗത്തിലാണ് തിരുവനന്തപുരത്തെ ജെൻ റോബോട്ടിക്സിന് പുരസ്‌കാരം. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ‘ബാൻഡികൂട്ട്’ റോബോട്ട് ഇതിനകം ലോകശ്രദ്ധയാകർഷിച്ചു‌. രാജ്യത്ത്‌ ആറ്‌ സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും   ബാൻഡികൂട്ടിന്റെ സാന്നിധ്യമുണ്ട്. പ്രമേഹ രോഗശമനത്തിന് ചക്കപ്പൊടി ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് ജാക്ക് ഫ്രൂട്ട് 365ന്‌ ഭക്ഷ്യസംസ്കരണ വിഭാഗത്തിൽ പുരസ്കാരം നേടിക്കൊടുത്തത്‌. ഗോഡ്സ് ഓൺ ഫുഡ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ‌ ഉൽപ്പന്നം ചക്കയ്ക്ക് വലിയ വിപണി സാധ്യതയും ഒരുക്കി. Read on deshabhimani.com

Related News