പ്രതിഷേധത്തെ തുടര്‍ന്ന് കുഴിയടയ്ക്കല്‍; ബൈപാസിലടക്കം കുഴികള്‍ ബാക്കി

ദേശീയപാത 66ല്‍ അത്താണി കാംകോ കമ്പനിക്കടുത്ത് റോഡില്‍ രൂപപ്പെട്ട കുഴി


കൊച്ചി ദേശീയപാതയിൽ നെടുമ്പാശേരിയിൽ ഇരുചക്രവാഹനം കുഴിയിൽ വീണ്‌ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന്‌ പ്രതിഷേധം ശക്തമായതോടെ ദേശീയപാത അതോറിറ്റി അധികൃതർ താൽക്കാലികമായി കുഴികൾ അടച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ (എൻഎച്ച്‌എഐ) ടോൾ പിരിവ്‌ കർശനമായി തുടരുമ്പോഴും റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ്‌ കുഴികളിൽ വാഴനട്ടും മുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിച്ചും നാട്ടുകാർ സമരത്തിന്‌ ഇറങ്ങിയത്‌. മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ്‌ (52) നെടുമ്പാശേരിയിൽ വെള്ളി രാത്രി അപകടത്തിൽ മരിച്ചത്‌. ഹാഷിം സഞ്ചരിച്ച സ്‌കൂട്ടർ മാർ അത്തനേഷ്യസ് സ്കൂളിനുമുന്നിലെ കുഴിയിലാണ്‌ വീണത്‌.  റോഡിലേക്ക്‌ തെറിച്ചുവീണ ഹാഷിം അജ്ഞാതവാഹനം കയറി മരിച്ചു. അപകടമുണ്ടായ രാത്രിതന്നെ എൻഎച്ച്‌എഐ അധികൃതർ കുഴികൾ താൽക്കാലികമായി ടാറിങ് മിശ്രിതം ഉപയോഗിച്ച് അടച്ചു. എന്നാൽ നെടുമ്പാശേരി, അങ്കമാലി, ചെങ്ങമനാട് മേഖലയിലെ കുഴികൾ അടച്ചില്ല. ഇതോടെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്നാണ്‌ അധികൃതർ കുഴികൾ അടയ്‌ക്കാൻ തയ്യാറായത്‌. ദേശീയ പാതയില്‍ വൈറ്റില അരൂര്‍ ബൈപാസില്‍ രൂപപ്പെട്ട കുഴികള്‍ ഇതു വരെ അടച്ചിച്ചില്ല. ദേശീയപാതയിൽ ഇടപ്പള്ളി–-പറവൂർ റൂട്ടിൽ ഇടപ്പള്ളി മേൽപ്പാലത്തിലും കുഴികൾ അപകടഭീഷണിയാണ്‌. ജൂണിലെ മഴയിൽ രൂപപ്പെട്ട കുഴികൾ എൻഎച്ച്‌ കരാറുകാർ അടച്ചെങ്കിലും കനത്ത മഴയിൽ വീണ്ടും റോഡ്‌ തകർന്നു. കാലവർഷത്തിനുമുമ്പ്‌ റോഡ്‌ അറ്റകുറ്റപ്പണി നടത്താത്തതാണ്‌ പ്രതിസന്ധിയാകുന്നത്‌. Read on deshabhimani.com

Related News