സ്വര്‍ണക്കടത്ത്: ബാഗേജ്‌ എടുക്കാൻ സ്ഥിരമായെത്തിയത് സരിത്തിനെ കുടുക്കി



തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ എത്തിയിരുന്ന ബാഗേജ്‌ എടുക്കാൻ സ്ഥിരമായെത്തിയതാണ് മുഖ്യപ്രതിയായ‌ സരിത്തിനെ കുടുക്കിയത്‌‌. സ്ഥിരമായി ബാഗേജ്‌ എടുക്കാൻ വരുന്നത്‌ കസ്‌റ്റംസിന്‌ സംശയമുണ്ടാക്കി. ഇയാളുടെ നീക്കങ്ങളും സ്ഥിരമായി നിരീക്ഷിച്ചു. കോൺസുലേറ്റിലെ ജോലി നഷ്‌ടമായശേഷവും ബാഗേജ്‌ എടുക്കാൻ എത്തിയത്‌ സംശയം ബലപ്പെടുത്തി.  സ്വർണം അടങ്ങിയ ബാഗേജ്‌ എത്തുമ്പോഴെല്ലാം സരിത്താണ്‌ വരാറുള്ളതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഈ സമയം സ്വന്തം വാഹനത്തിലാണ്‌ എത്തിയിരുന്നത്‌‌. ഔദ്യോഗിക രേഖകൾ കാണിച്ച്‌ ബാഗേജ്‌ ഏറ്റുവാങ്ങും. ശേഷം മണക്കാടുള്ള യുഇഎ കോൺസുലേറ്റിലേക്ക്‌ മടങ്ങും. എന്നാൽ, പാതിവഴിയിൽ ബാഗേജ്‌ തുറന്ന്‌ സ്വർണം മാറ്റും. ശേഷിക്കുന്ന സാധനങ്ങൾ കോൺസുലേറ്റിൽ എത്തിക്കും. സംഘത്തിലുള്ള മറ്റുകണ്ണികളുടെ സഹായത്തോടെ ഉടൻ സ്വർണം ജില്ലയ്‌ക്ക്‌‌ പുറത്തെത്തിക്കും. ഭൂരിഭാഗം സ്വർണവും കൊടുവള്ളിയിലാണ്‌ എത്തിച്ചത്‌. പുതുതായി എത്തിയ  കോൺസുലേറ്റ്‌ ജനറൽ അത്യാവശ്യസേവനങ്ങൾക്ക്‌ ഇയാളെ ആശ്രയിച്ചിരുന്നു. ഈ അവസരം സരിത്ത്‌ മുതലെടുത്തു. കോൺസുലേറ്റ്‌ ജനറലാകട്ടെ സാധനങ്ങളുടെ ഭാരം ഉൾപ്പെടെയുള്ള വിവരങ്ങൾ ശ്രദ്ധിച്ചില്ല. ഇതിനിടയിലാണ്‌ 30ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നതായി കൊച്ചിയിൽ നിന്ന്‌ തലസ്ഥാനത്തെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്ക്‌ വിവരം ലഭിച്ചത്‌. വിവരം ഗൗരവത്തിൽ എടുത്ത കസ്‌റ്റംസിന്റെ പ്രതീക്ഷ തെറ്റിയില്ല. ഈ ബാഗേജ്‌ എടുക്കാൻ ആദ്യമെത്തിയത്‌ സരിത്തായിരുന്നു.   Read on deshabhimani.com

Related News