വധഗൂഢാലോചന കേസ് : സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും; 
ഇന്ന്‌ ഹാജരാകാൻ നോട്ടീസ്‌



കൊച്ചി നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിലെ ഏഴാംപ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതിനായി ആലുവ മജിസ്ട്രേട്ട്‌ കോടതിയിൽ അന്വേഷകസംഘം അപേക്ഷ നൽകി. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്‌. ഇയാളിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുസാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിന്റെ രഹസ്യമൊഴി മുമ്പ്‌ കോടതി രേഖപ്പെടുത്തിയിരുന്നു. വധഗൂഢാലോചനക്കേസിൽ ദിലീപിന്റേതുൾപ്പെടെ ആറ് ഫോണുകളാണ് പരിശോധനയ്ക്ക് ഹൈക്കോടതിയിൽ ഹാജരാക്കിയത്‌. ഇതിൽ ദിലീപിന്റെ ഐ ഫോൺ 13 പ്രോ, ഐ ഫോൺ 12 പ്രോ മാക്‌സ്‌ എന്നീ ഫോണുകളിലെ വിവരങ്ങളാണ്‌ സായ്‌ ശങ്കർ നശിപ്പിച്ചത്‌. ദിലീപിന്റെ അഭിഭാഷകർ വഞ്ചിച്ചതായും അവർ നിർദേശിച്ചതനുസരിച്ചാണ്‌ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നും സായ്‌ ശങ്കർ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. അന്വേഷകസംഘത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയെന്ന പേരിൽ തന്റെ ഒപ്പ് വാങ്ങി ദിലീപിന്റെ അഭിഭാഷകർ എഴുതിച്ചേർത്ത കള്ളപ്പരാതിയാണിതെന്നും സായ്‌ ശങ്കർ ആരോപിച്ചിരുന്നു. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക്‌ കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത്‌ കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിൽവച്ചാണെന്നുമാണ്‌ കണ്ടെത്തൽ. 12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌. എന്നാൽ, ഇതിന്റെ ഒരു പകർപ്പ്‌ ദിലീപിനെ അറിയിക്കാതെ സായ്‌ ശങ്കർ സൂക്ഷിച്ചതായി വിവരമുണ്ട്‌. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത് തുടരുകയാണ്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുള്ളവരുടെ മൊഴിയെടുത്തു. സിനിമ മേഖലയിൽനിന്നടക്കമുള്ളവർക്ക്‌ വരുംദിവസങ്ങളിൽ നോട്ടീസ് നൽകും. Read on deshabhimani.com

Related News