ബജറ്റ്‌ ചർച്ചയുടെ രണ്ടാംദിനം ; ചർച്ചയായത്‌ കേന്ദ്ര അവഗണനയും കേരള വികസനവും



തിരുവനന്തപുരം ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വികസന–- ക്ഷേമ നിർദേശങ്ങൾ ഉയർത്തിക്കാട്ടുന്നതായി ബജറ്റ്‌ ചർച്ചയുടെ രണ്ടാംദിനം. ക്ഷേമപദ്ധതികൾക്കായി ഇന്ധനവിലയിൽ സെസ്‌ ഏർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷാംഗങ്ങൾ നടത്തുന്ന സമരാഭാസം സഭയ്‌ക്കകത്ത്‌ തുറന്നുകാട്ടപ്പെട്ടു.  കേന്ദ്രത്തിന്റെ അനീതിയിൽ കേരളത്തിന്‌ നഷ്ടമായത്‌ 18,000 കോടി രൂപയുടെ നികുതിവിഹിതമാണെന്ന്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ട്‌ ഡി കെ മുരളി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെയല്ല, മോഡിക്ക്‌ മുന്നിലായിരുന്നു യുഡിഎഫ്‌ സമരം നടത്തേണ്ടിയിരുന്നതെന്ന്‌ കെ വി സുമേഷ്‌ പറഞ്ഞു. വിഭവസമാഹരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ എതിർക്കുന്ന യുഡിഎഫ്‌ ബദൽ നിർദേശിക്കണമെന്നും സുമേഷ്‌ പറഞ്ഞു.  നിഷ്‌പക്ഷരും പ്രബുദ്ധരുമായ ഇന്ത്യൻ ജനത ഫാസിസത്തെ എതിർക്കുന്നുവെന്നതിന്‌ തെളിവാണ്‌ സംഘപരിവാർ എതിർത്ത പത്താൻ സിനിമ 500 കോടി ക്ലബ്ബിലെത്തിയതെന്ന്‌ എം  മുകേഷ്‌ പറഞ്ഞു. പൊതുവിദ്യാഭ്യാസവും ക്ഷേമപെൻഷനും ഉറപ്പിക്കാനാണ്‌ ഭൂമിയുടെ ന്യായവില വർധിപ്പിച്ചതെന്ന്‌ കെ ടി ജലീൽ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം നടത്തുന്നത്‌ സമരാഭാസമാണ്‌. ഗതികിട്ടാ പ്രേതങ്ങളുടെ അവസ്ഥയിലാണ്‌ കേരളത്തിലെ പ്രതിപക്ഷമെന്ന്‌ കെ ആൻസലൻ പറഞ്ഞു. 60 കഴിഞ്ഞ 62 ലക്ഷം പേരുടെ അന്നം മുടക്കാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമമമെന്ന്‌ കെ ബാബു പറഞ്ഞു. എ പി അനിൽകുമാർ, പി എസ്‌ സുപാൽ, കെ പി എ മജീദ്‌, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എൻ കെ അക്ബർ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ടി ജെ വിനോദ്‌, എ കെ എം അഷ്‌റഫ്‌, തോമസ്‌ കെ തോമസ്‌,  യു എ ലത്തീഫ്‌, വാഴൂർ സോമൻ, അൻവർ സാദത്ത്‌ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബുധനാഴ്‌ച ചർച്ച അവസാനിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയും. Read on deshabhimani.com

Related News