ചെക്ക്‌ സർക്കാരിനെ വീഴ്‌ത്തിയ പാവ്‌ല
 മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍



കൊച്ചി കേരള മീഡിയ അക്കാദമിയുടെ മുഖമാസിക മീഡിയയുടെ മീഡിയ പേഴ്‌സൺ ഓഫ് ദ ഇയറായി ചെക്ക് റിപ്പബ്ലിക്കിലെ വിഖ്യാത അന്വേഷണാത്മക മാധ്യമപ്രവർത്തക പാവ്‌ല ഹോൾസോവയെ തെരഞ്ഞെടുത്തു. ഇറ്റാലിയൻ മാഫിയയും സ്ലോവാക്യയിലെ സർക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുകൊണ്ടുവന്നത് പാവ്‌ലയുടെ റിപ്പോർട്ടുകളാണ്. തുടർന്ന് സ്ലോവാക്യയിലെ സർക്കാർ നിലംപതിക്കുകയും 21 ജഡ്‌ജിമാർ അഴിമതിക്കേസിൽ പ്രതിയാകുകയും ചെയ്തു. ചെക്ക്‌ മാധ്യമപ്രവർത്തകന്റെയും പ്രതിശ്രുതവധുവിന്റെയും കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണമാണ് ഭരണകേന്ദ്ര–-മാഫിയ ബന്ധത്തിലെ വിപുലമായ കണ്ണികളെ പുറത്തുകൊണ്ടുവന്നത്. ‘ദ കില്ലിങ്‌ ഓഫ്‌ എ ജേണലിസ്‌റ്റ്‌’ എന്ന പാവ്‌ലയുടെ ഡോക്യുമെന്ററി രാജ്യത്ത് വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. പാനമ പേപ്പേഴ്‌സ്‌, പെഗാസസ് പ്രൊജക്ട്, പാൻഡോറ പേപ്പേഴ്‌സ്, റഷ്യൻ ഇടപാടുകൾ തുടങ്ങി സാർവദേശീയ പ്രാധാന്യമുള്ള മാധ്യമസംഭവങ്ങളിൽ പങ്കാളിയാണ് ഇവർ. ബഹുമതി സ്വീകരിക്കാൻ കേരളത്തിലെത്തുമെന്ന് പാവ്‌ല അറിയിച്ചിട്ടുണ്ടെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ഇറാനിലെ സ്ത്രീസ്വാതന്ത്ര്യപ്രക്ഷോഭത്തിന് കരുത്തുപകരുന്ന ബ്ലോഗർമാരായ നിലോഫർ ഹമീദിക്കും ഇലാഹി മുഹമ്മദിനും മീഡിയ മാഗസിന്റെ പ്രത്യേക പരാമർശമുണ്ട്. ഇറാനിലെ സ്ത്രീസ്വാതന്ത്ര്യപ്രക്ഷോഭത്തിന് ശക്തിപകരാൻ ഇവരുടെ റിപ്പോർട്ടുകൾക്ക് സാധിച്ചു. ഇരുവരും തടവറയിലാണ്. Read on deshabhimani.com

Related News