സർവകലാശാല ബിൽ ; ലീഗ്‌ കടുപ്പിച്ചു , കോൺഗ്രസിൽ ആശയക്കുഴപ്പം



തിരുവനന്തപുരം സർവകലാശാലകളിൽ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കുന്ന ബില്ലിനെ അനുകൂലിച്ച്‌ സംസാരിക്കുമെന്ന നിലപാടിൽ ഉറച്ച്‌ ലീഗ്‌. തുടർന്ന്‌ ഇതുസംബന്ധിച്ച വിശദമായ ചർച്ച അടുത്തദിവസത്തേയ്‌ക്ക്‌ മാറ്റാൻ യുഡിഎഫ്‌ പാർലമെന്ററി പാർടി യോഗം തീരുമാനിച്ചു. ഉന്നത വിദ്യഭ്യാസ മേഖലയെ സംഘപരിവാറിന്‌ കീഴ്‌പ്പെടുത്താനുള്ള ഗവർണറുടെ നീക്കത്തിന്‌ വഴിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ്‌ ലീഗ്‌ വിലയിരുത്തൽ.  ഇക്കാര്യം തിങ്കളാഴ്‌ച ചേർന്ന യുഡിഎഫ്‌ പാർലമെന്ററി യോഗത്തിൽ ലീഗ്‌ നേതാക്കൾ ശക്തമായി ഉന്നയിച്ചു. ബില്ല്‌  നിയമസഭയിൽ വരുന്ന സാഹചര്യത്തിൽ മുസ്ലിംലീഗ്‌ അത്തരമൊരു നിലപാട്‌ സ്വീകരിച്ചാൽ അത്‌ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയാകും. തന്നെയുമല്ല കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം സ്‌തംഭിപ്പിക്കുകയാണെന്നാണ്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാട്‌. ഇതോടെ   ബുധനാഴ്ച സർവകലാശാല ബില്ലിൽ  ഗവർണറെ അനുകൂലിക്കാൻ പറ്റാത്ത അവസ്ഥയാണ്‌ കോൺഗ്രസ്‌ അംഗങ്ങൾക്കുണ്ടാകുക. ഗവർണർ വിഷയത്തിൽ കോൺഗ്രസ്‌ ലീഗിന്‌ വഴങ്ങാനുള്ള സാധ്യതയും തെളിഞ്ഞു. ഗവർണറെ അനുകൂലിക്കാൻ കോൺഗ്രസ്‌ ഒരു കാരണവശാലും തുനിയരുത്‌ എന്ന അഭിപ്രായമാണ്‌ ലീഗ്‌ നേതാക്കൾക്കുള്ളത്‌. അതിന്‌ അടിസ്ഥാനമായി ലീഗ്‌ചൂണ്ടിക്കാട്ടുന്നത്‌ ദേശീയതലത്തിലും പല സംസ്ഥാനങ്ങളിലും കോൺഗ്രസും യുപിഎ യും അതത്‌ ഗവർണർമാരുടെ അമിതാധികാര പ്രവണതയ്‌ക്ക്‌ എതിരായി എടുക്കുന്ന നിലപാടാണ്‌. ഈ നിലപാട്‌ എന്തുകൊണ്ട്‌ കേരളത്തിൽ എടുക്കുന്നില്ലെന്ന ചോദ്യത്തിനുമുന്നിൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഉത്തരം മുട്ടുകയാണ്‌. Read on deshabhimani.com

Related News