അരങ്ങിലെത്തി ഒറ്റക്കണ്ണൻ പോക്കറും സാറാമ്മയും



പെരുമ്പാവൂർ ഒറ്റക്കണ്ണൻ പോക്കറും കുഞ്ഞിപ്പാത്തുമ്മയും കേശവൻനായരും സാറാമ്മയുമെല്ലാം അരങ്ങിൽ അണിനിരന്നു. ഒപ്പം സുഹറയും മജീദും മൂക്കനും കള്ളനും നിസാർ അഹമ്മദുമെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ, നാടകത്തിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തിയപ്പോൾ അത്‌ ബഷീർ അനുസ്മരണദിനത്തിൽ അദ്ദേഹത്തിന്‌ പുതുതലമുറയുടെ ശ്രദ്ധാഞ്ജലികൂടിയായി. യുപി വിഭാഗത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് ബഷീറിന്റെ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിലെത്തിച്ചത്.   ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ബഷീർ അനുസ്മരണദിനം ആചരിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട്‌ ദൃശ്യാവിഷ്‌കാരം നടത്തി. പാഠഭാഗങ്ങളും അവതരിപ്പിച്ചു. ചില സ്കൂളുകളിൽ ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ്‌ പരിപാടി നടത്തി. കൃതികളുടെ വായന നടത്തിയാണ്‌ മറ്റു ചില സ്കൂളുകൾ അനുസ്മരണദിനം ആചരിച്ചത്‌.   തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കഥാപാത്രങ്ങളെ സ്‌കൂൾ അങ്കണത്തിൽ നടന്ന അനുസ്മരണപരിപാടിയിൽ ഏകാങ്ക നാടകത്തിലൂടെ അരങ്ങിലെത്തിച്ചു. സ്കൂൾ മാനേജർ പി എ മുഖ്താർ ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി സാന്താക്രൂസ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കെ ബി സലാം ഉദ്ഘാടനം ചെയ്തു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്‌കൂൾ, കൂത്താട്ടുകളും ഗവ. യുപി സ്‌കൂൾ, എടവനക്കാട്‌ എസ്‌ഡിപിവൈ കെപിഎം ഹൈസ്‌കൂൾ, മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ സ്കൂൾ, വെണ്ണല ഗവ. എൽപി സ്കൂൾ, ആരക്കുന്നം സെന്റ്‌ ജോർജ്‌സ്‌ ഹൈസ്കൂൾ, തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്കൂൾ, പുത്തൻകുരിശ്‌ എംജിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലും ബഷീർ അനുസ്മരണം നടത്തി.   Read on deshabhimani.com

Related News