നടിയെ ആക്രമിച്ച കേസ്‌ : മെമ്മറി കാർഡ്‌ പരിശോധന നിർണായകമാകും



കൊച്ചി നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ്‌ വീണ്ടും പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ്‌ കേസിൽ നിർണായകമാകും. നേരത്തേ വിചാരണക്കോടതി നിരസിച്ചതിനെ തുടർന്ന്‌ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രധാന തെളിവായ മെമ്മറി കാർഡിൽനിന്ന്‌ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെന്ന്‌ വിലയിരുത്തിയാണ്‌ വീണ്ടും പരിശോധിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്‌. കോടതിയുടെ കസ്‌റ്റഡിയിലുള്ള കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെന്ന്‌ കണ്ടെത്തിയാൽ നിർണായക വഴിത്തിരിവാകും. വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എട്ടാംപ്രതി നടൻ ദിലീപിലേക്ക്‌ തന്നെയാകും സംശയമുന നീളുക. ദിലീപിന്റെ പക്കൽ ദൃശ്യങ്ങളുണ്ടെന്ന്‌ സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. തുടരന്വേഷണത്തിൽ തെളിവ്‌ കിട്ടിയപ്പോൾ ദൃശ്യങ്ങൾ ചോരാനുള്ള സാധ്യത ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചു. 2017 ഫെബ്രുവരി 18ന്‌ അവസാനമായി പരിശോധിച്ച മെമ്മറി കാർഡ്‌ 2018 ഡിസംബർ 13നും അതിനുമുമ്പും തുറന്നെന്ന്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബ്‌ ജോയിന്റ്‌ ഡയറക്‌ടർ നടത്തിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതായി. കാർഡിന്റെ ഹാഷ്‌വാല്യു വ്യത്യാസപ്പെട്ടതായും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ദിലീപിന്റെ ആവശ്യപ്രകാരം കാർഡിന്റെ മിറർ ഇമേജ്‌ എടുക്കാൻ 2020 ജനുവരിയിൽ കാർഡ്‌ പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യം വ്യക്തമായത്‌. ഈ വിവരങ്ങൾ 2020 ജനുവരി 29ന്‌ വിചാരണക്കോടതിയെയും അറിയിച്ചു. എന്നാൽ, 2022 ഫെബ്രുവരിയിലാണ്‌ ക്രൈംബ്രാഞ്ചിന്‌ ഈ റിപ്പോർട്ട്‌ ലഭിച്ചത്‌. വിചാരണക്കോടതി തള്ളിയിട്ടും പ്രതിഭാഗം ശക്തമായി എതിർത്തിട്ടും, നീതിനിർവഹണം കുറ്റമറ്റതാകണമെന്ന നിരീക്ഷണത്തോടെയാണ്‌ ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചത്‌.   Read on deshabhimani.com

Related News