ക്വാറന്റൈനിലായിരുന്ന റിമാൻഡ്‌ തടവുകാർ ചാടി രക്ഷപ്പെട്ടു



വർക്കല കോവിഡ്‌ പരിശോധനയ്‌ക്കായി ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചിരുന്ന രണ്ട്‌ റിമാൻഡ്‌ പ്രതികൾ രക്ഷപ്പെട്ടു. പാങ്ങോട് പൊലീസ് അറസ്റ്റുചെയ്ത കൊല്ലം ചിതറ വളവുപച്ച തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (18), പള്ളിച്ചൽ പൊലീസ് കാപ ചുമത്തിയ നെയ്യാറ്റിൻകര പള്ളിച്ചൽ കുളങ്ങരക്കോണം ആയക്കോട് മേലെ പുത്തൻ വീട്ടിൽ അനീഷ് (27) എന്നിവരാണ്‌ വർക്കല അകത്തുമുറിയിലെ എസ് ആർ ദന്തൽ കോളേജിലെ നിരീക്ഷണകേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ്‌ സംഭവം. ജയിൽ അധികാരികളുടെ നിയന്ത്രണത്തിൽ ദന്തൽകോളേജിലെ രണ്ടാംനിലയിലുള്ള വനിതാ ഹോസ്റ്റലിലെ മുറിയിലാണ്‌ പ്രതികളെ പാർപ്പിച്ചിരുന്നത്‌. മുറിയിൽ നാല്‌ പ്രതികളുണ്ടായിരുന്നു. മുഹമ്മദ് ഷാനും അനീഷും കക്കൂസിന്റെ‌ ഫ്ലഷ് ടാങ്കിൽ ചവിട്ടിക്കയറി ഗ്ലാസ് ഇളക്കി മാറ്റി വെന്റിലേറ്റർ തകർത്ത് പുറത്തേക്ക്‌ ചാടുകയായിരുന്നു. ശബ്ദംകേട്ട്‌ ജയിൽ ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സമീപത്തുണ്ടായിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ് വൈ സുരേഷ്, വർക്കല എസ്‌എച്ച്‌ഒ ജി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം തെരച്ചിൽ ആരംഭിച്ചു. ഇവരെ കൂടാതെ 33 റിമാൻഡ്‌ തടവു കാരാണ്‌ എസ്‌ ആർ ദന്തൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്.   Read on deshabhimani.com

Related News