ഭരണഘടനാ നിർമാണസഭ : ചർച്ചയും സംവാദവും മലയാളത്തിൽ പ്രസിദ്ധീകരിക്കും: സ്‌പീക്കർ



ആലപ്പുഴ   ഭരണഘടനാ നിർമാണസഭ നടപടിക്രമങ്ങളുടെ മലയാളപരിഭാഷ കേരള നിയമസഭ പ്രസിദ്ധീകരിക്കുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. നിയമസഭാ ലൈബ്രറി നൂറാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75–-ാം വാർഷികത്തിൽ 2025 ജനുവരി 26ന്‌ 12 വാല്യങ്ങളിലായി പുസ്‌തകം പ്രകാശിപ്പിക്കും. ഇന്ത്യയിലെ മറ്റൊരു പ്രാദേശികഭാഷയിലേക്കും ഇത്‌ പരിഭാഷപ്പെടുത്തിയിട്ടില്ല. ചർച്ച, സംവാദം എന്നിവ ഉൾപ്പെടുന്ന ചരിത്രരേഖയ്‌ക്ക്‌ 6,547 പേജുണ്ട്‌. നൂറിലേറെ പേർ ചേർന്നാണ്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്നത്‌. ഡിജിറ്റലായും ലഭ്യമാക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 26നും 27നും ദേശീയ വനിതാ പാർലമെന്റ്‌ സംഘടിപ്പിക്കും. ഇന്ത്യയിലെ മുഴുവൻ വനിതാ എംപിമാരും എംഎൽഎ, എംഎൽസിമാരും പങ്കെടുക്കുന്ന പാർലമെന്റ്‌ രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും. നിയമസഭാ ലൈബ്രറി  എല്ലാവർക്കും ഗുണകരമാകുന്ന വിജ്ഞാനസ്രോതസാക്കി മാറ്റും. സുരക്ഷാകാരണങ്ങളാൽ ഡിജിറ്റൽ സേവനമാകും ജനങ്ങൾക്ക്‌ ലഭ്യമാക്കുക. 1,14,500 പുസ്‌തകങ്ങളുള്ള ലൈബ്രറിയിലെ എട്ടു ലക്ഷത്തോളം പേജുകൾ ഇതിനകം ഡിജിറ്റലാക്കിയെന്നും സ്‌പീക്കർ പറഞ്ഞു. Read on deshabhimani.com

Related News