ത്രിപുരയിൽ കാട്ടുനീതി ; സിപിഐ എം ഐക്യദാർഢ്യ സദസ്സ് നാളെ



തിരുവനന്തപുരം ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ  ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്‌ ബുധനാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ സിപിഐ എം ഐക്യദാർഢ്യ സദസ്സ്. അർധ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെയും ത്രിപുരയിലെ പൊരുതുന്ന ജനതയ്ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ്‌ സദസ്സെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപി അധികാരത്തിലേറിയതിനുശേഷം ത്രിപുരയിൽ മറ്റു പാർടികൾക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല. പ്രതിപക്ഷ എംഎൽഎമാർക്ക് മണ്ഡലങ്ങളുമായി ബന്ധപ്പെടാനാകുന്നില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ തകർത്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഇലക്‌ഷൻ കമീഷൻ പ്രതിനിധി സംഘം ത്രിപുര സന്ദർശിച്ചശേഷം അതിരൂക്ഷമായ അക്രമമാണ് ആർഎസ്എസ്–- ബിജെപി   നടത്തുന്നത്‌. സിപിഐ എം പ്രവർത്തകൻ ഷാഹിദ്മിയ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. പൊലീസിനെയും മറ്റു ഭരണ സംവിധാനങ്ങളെയും ദുരുപയോഗിച്ചുള്ള ഭീകരാക്രമണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂർധന്യത്തിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതിടത്താണ് സിപിഐ എം പ്രവർത്തകർ  ക്രൂരമായി ആക്രമിക്കപ്പെട്ടത്. അക്രമത്തിനെതിരെയും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും ശക്തമായ ജനകീയ പ്രതിരോധം ത്രിപുരയിൽ ഉയരുന്നുണ്ട്‌. ഐക്യദാർഢ്യ സദസ്സിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News