ഇടവൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു ; പാപ്പാന്‌ പരിക്ക്‌



പെരുമ്പാവൂർ ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിനെത്തിച്ച കോഴിക്കോട് കുളയ്ക്കാട്ട് ഗണപതി എന്ന ആന ഇടഞ്ഞു. പാപ്പാൻ കോഴിക്കോട് സ്വദേശി ജിത്തുവിന് (28) കാലിന് പരിക്കേറ്റു. തൃശൂരിൽനിന്നെത്തിയ എലിഫെന്റ് സ്ക്വാഡാണ് തളച്ചത്. ഞായർ രാവിലെ പത്തിനായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ അഞ്ച് ആനകളെ രാവിലെ തളയ്ക്കുന്നതിനായി ക്ഷേത്രത്തിനുസമീപമുള്ള പറമ്പിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇടഞ്ഞത്. മുന്നിൽ നടന്ന ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സമീപമുള്ള കെട്ടിടത്തിന്റെ ഷീറ്റ് വലിച്ചെറിയാനും ജാതിമരങ്ങൾ കുത്തിമറിക്കാനും നിലത്തുകിടന്ന മരക്കഴകൾ എറിയാനും തുടങ്ങി. ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗണപതിയെ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോകും. ഉത്സവത്തിന് മറ്റൊരു ആനയെ കൊണ്ടുവന്നു. Read on deshabhimani.com

Related News