പടർന്ന്‌ ലഹരി; 
കെടുത്താൻ വിമുക്തി



കൊച്ചി ജില്ലയിൽ നാലുവർഷത്തിനിടെ ലഹരിയിൽനിന്ന്‌ മോചനം നേടാൻ സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷനെ ആശ്രയിച്ചത്‌ 8393 പേർ. കുട്ടികൾമുതൽ മുതിർന്നവർവരെയുള്ളവരുടെ കണക്കാണിത്‌. മദ്യവും മാരക മയക്കുമരുന്നുംമുതൽ അമിത മൊബൈൽ ഉപയോഗംവരെ ലഹരിയായി ജീവിതം കൈവിട്ടുപോകുമായിരുന്നവർക്ക്‌ വിമുക്തി രക്ഷയായി. എന്നാൽ, ആശ്വാസത്തിനൊപ്പം ആശങ്കയേറ്റുന്നതാണ്‌ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിമുക്തി മിഷന്റെ കണക്കുകളും വിവരങ്ങളും. ലഹരിക്ക്‌ അടിമയാകുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണമാണ്‌ ആശങ്കയേറ്റുന്നത്‌. മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായി 15 മുതൽ 35 വയസ്സുവരെ വിഭാഗത്തിലുള്ള 1410 പേരാണ്‌ മോചനം തേടി വിമുക്തിയിൽ എത്തിയത്‌. മൊബൈൽഫോണിന്റെ അമിത ഉപയോഗം, പഠനവൈകല്യം, മാനസിക തകരാറ്‌ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന 2338 പേരും സഹായം തേടി. വിമുക്തിയുടെ സേവനം പ്രയോജനപ്പെടുത്തിയവരിൽ മദ്യവും പുകയിലയും ഉപയോഗിക്കുന്ന 18നും 35നും ഇടയിൽ പ്രായമുള്ള 342 പുരുഷന്മാരും ഒരു സ്‌ത്രീയുമുണ്ട്‌. ഇതേ പ്രായവിഭാഗത്തിൽ കഞ്ചാവും പുകയിലയും ഉപയോഗിക്കുന്ന 202 പേരും രണ്ട്‌ സ്‌ത്രീകളും കഞ്ചാവുമാത്രം ഉപയോഗിക്കുന്ന 155 പേരും പുകയില ലഹരിയാക്കിയ 92 പേരുമെത്തി. കൂടാതെ വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന 49 പേരും ചികിത്സ തേടി. പതിനഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവരുടെ കണക്കും നെഞ്ചിടിപ്പേറ്റുന്നു. മദ്യത്തിനും കഞ്ചാവിനും അടിമകളായ ഒമ്പത്‌ ആൺകുട്ടികളും കഞ്ചാവും പുകയിലയും ഉപയോഗിക്കുന്ന 74, കഞ്ചാവുമാത്രം ഉപയോഗിക്കുന്ന 41, പുകയിലമാത്രം ഉപയോഗിക്കുന്ന 42 കുട്ടികളും വിമുക്തിയിലെത്തി.   Read on deshabhimani.com

Related News