രോഗവ്യാപനനിരക്ക്‌ കൂടിയേക്കും, ജാഗ്രത തുടരണം: മന്ത്രി കെ കെ ശൈലജ



തിരുവനന്തപുരം ഓണാവധി കഴിഞ്ഞതും അടച്ചുപൂട്ടൽ ഇളവ്‌ പ്രഖ്യാപിച്ചതുമായ സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കിടെ കോവിഡ്‌ രോഗ വ്യാപനം കൂടുതലുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ മന്ത്രി കെ കെ ശൈലജ. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ഓണക്കാലത്ത് കടകളിലും മറ്റ്‌ പൊതുഇടങ്ങളിലും പതിവിൽ കവിഞ്ഞ തിരക്കുണ്ടായി. പലയിടങ്ങളിലും കുടുംബ ഒത്തുചേരലുകളുണ്ടായി. ഓണാവധി കഴിഞ്ഞതോടെ ജോലി ആവശ്യങ്ങൾക്കായി എല്ലാവരും പുറത്തിറങ്ങും. ഈയൊരു സാഹചര്യത്തിൽ രോഗ വ്യാപനം കൂടുതലാകാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ മന്ത്രി അറിയിച്ചു. സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിൽ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാംഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാൽ, മാസ്ക്‌ ധരിക്കൽ, പരസ്പരം രണ്ട് മീറ്റർ അകലം പാലിക്കൽ, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക തുടങ്ങിയവ ഇനിയും തുടരണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News