സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ സജീവം: മുഖ്യമന്ത്രി



തിരുവനന്തപുരം സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ സജീവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല മാർഗവും അവർ ഉപയോഗിക്കുന്നു. ജാതീയവും മതപരവുമായ ഭിന്നിപ്പുണ്ടാക്കാനും ലിംഗതുല്യതയെ അട്ടിമറിക്കാനുമാണ്‌ ശ്രമം. ഇത്‌ പ്രതിരോധിച്ചാലേ ശാന്തമായ സാമൂഹ്യജീവിതം ഉറപ്പുവരുത്താനാകൂ. ഭരണഘടനാ സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ  പ്രധാന മുദ്രാവാക്യമാകണമെന്നും സമിതി യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. ഏതും വർഗീയതയുടെ ഭാഗമാക്കി ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു. വർഗീയമായ കണ്ണോടെ തികച്ചും പിന്തിരിപ്പനായ അഭിപ്രായപ്രകടനവും അതു മുൻനിർത്തിയുള്ള പ്രചാരണവും ഉണ്ടാകുന്നു. ഇത്‌ അപകടകരവും ദൂരവ്യാപക  പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്‌. സമൂഹത്തിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം പലവിധത്തിലാണ്‌. സ്‌ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്‌ചപ്പാട്‌ സമൂഹം പൊതുവെ അംഗീകരിക്കുന്നതാണ്‌. കുട്ടികളിൽ ഇത്തരം മനോഭാവം വളർത്തിയെടുക്കാൻ പാഠപുസ്‌തകം നവീകരിക്കാനും പുനക്രമീകരിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. സാമൂഹ്യ അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരെ വ്യക്തമായ നിലപാടുള്ളതാണ്‌ നമ്മുടെ ഭരണഘടന. സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഭരണഘടന അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. എന്നാൽ, ആ ഭരണഘടനയ്‌ക്കെതിരെ ആസൂത്രിത നീക്കം രാജ്യത്ത്‌ നടക്കുന്നു. ഇത്‌ നമ്മുടെ അവകാശവും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണെന്ന്‌ തിരിച്ചറിയണം.  ഏതു വിഷയത്തെയും ശാസ്‌ത്രീയതയുടെയും മാനവികതയുടെയും അടിസ്ഥാനത്തിൽ സമീപിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. എന്നാൽ മാത്രമേ, നമ്മെ ശിഥിലീകരിക്കാനും വിഭജിക്കാനുമുള്ള ആസൂത്രിത ശ്രമത്തിന്‌ തടയിടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി.   Read on deshabhimani.com

Related News