സുകുമാറിന്‌ നാളെ നവതിച്ചിരി



കൊച്ചി വരയിലൂടെയും എഴുത്തിലൂടെയും എഴുപതാണ്ടിലേറെയായി മലയാളത്തിന്‌ ചിരിമധുരം പകരുന്ന കാർട്ടൂണിസ്‌റ്റ്‌ സുകുമാർ നവതി നിറവിലേക്ക്‌. ബുധനാഴ്‌ചയാണ്‌ പിറന്നാൾ. ആരോഗ്യകാരണങ്ങളാൽ വലിയ ആഘോഷങ്ങളിലൊന്നും സുകുമാറിന്‌ താൽപ്പര്യമില്ല. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക്‌ മുറിക്കും. സദ്യയുണ്ട്‌ നവതിയിലേക്ക്‌ പ്രവേശിക്കും.  ഒരുവർഷത്തോളമായി കാര്യമായ വരയും എഴുത്തുമില്ല. എഴുതാനും വരയ്‌ക്കാനും ഇനിയും ബാക്കിയുണ്ടെങ്കിലും കടലാസിലേക്ക്‌ പകർത്താനാകുന്നില്ലെന്നാണ്‌ സുകുമാറിന്റെ പരാതി.  മൂന്നുവർഷംമുമ്പാണ്‌ തിരുവനന്തപുരത്തുനിന്ന്‌ ഭാര്യ സാവിത്രിക്കൊപ്പം കൊച്ചിയിൽ മകൾ സുമംഗലയുടെ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌. വരാപ്പുഴയിലായിരുന്നു ആദ്യം. ഭാര്യയുടെ മരണശേഷം കാക്കനാട്‌ പാലച്ചുവടിലെ ‘സാവിത്രി’യിലേക്ക്‌ മാറി. നർമകൈരളിയും കാർട്ടൂൺവരയും ചിരിയെഴുത്തുമൊക്കെയായി തിരക്കുപിടിച്ചതായിരുന്നു തിരുവനന്തപുരം കാലം. മനസ്സില്ലാമനസ്സോടെയാണ്‌ അവിടം വിട്ടത്‌. കൊച്ചിയിൽ കാർട്ടൂൺ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴാണ്‌ കോവിഡിന്റെ വരവ്‌. അതോടെ വീട്ടിലൊതുങ്ങി. പത്രവായനയും ടിവി കാണലും പ്രധാനം.  മകൾക്കും കുടുംബത്തിനുമൊപ്പം വല്ലപ്പോഴും പുറത്തുപോകും. സെക്രട്ടറിയറ്റും ലൈബ്രറിയും തിരുവനന്തപുരം നഗരത്തിലൂടെയുള്ള നീണ്ട നടത്തവുമൊക്കെ സംസാരത്തിൽ വരും. അച്ഛന്റെ മനസ്സിലിപ്പോഴും തിരുവനന്തപുരംതന്നെയാണെന്ന്‌ സുമംഗല.  തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ്‌ ജനനം. എസ്‌ സുകുമാരൻ പോറ്റി എന്ന്‌ ശരിപ്പേര്‌. വിദ്യാർഥികാലംമുതൽ വരയുണ്ട്‌. ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌ 1950ൽ വികടനിൽ. 1957ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. 1987ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തും വരയും. രാഷ്‌ട്രീയ കാർട്ടൂണുകളിൽ നിറഞ്ഞത്‌ കക്ഷിഭേദമില്ലാത്ത ചിരിയും വിമർശവും. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്‌. നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവ്‌. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തം. Read on deshabhimani.com

Related News