കെ ഫോൺ, സേഫ്‌ കേരള ബഹിഷ്കരണം ; വികസനത്തോട്‌ ‘കലി പൂണ്ട്‌ ’ യുഡിഎഫ്‌



തിരുവനന്തപുരം കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതി ഓരോന്നായി നടപ്പാക്കുമ്പോഴും മുഖംതിരിഞ്ഞ്‌ പ്രതിപക്ഷമായ യുഡിഎഫ്‌. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം, ജനങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നപദ്ധതികളടക്കം തുരങ്കംവയ്ക്കാനും തകർക്കാനുമാണ്‌ പ്രതിപക്ഷ ശ്രമം. തിങ്കളാഴ്‌ച കെ ഫോൺ, സേഫ്‌ കേരള പദ്ധതികൾ ബഹിഷ്കരിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ വീണ്ടും തങ്ങളുടെ ‘ജനവിരോധം’ തെളിയിച്ചു. എല്ലാവർക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ്‌ സേവനമെന്ന മഹത്തായ ആശയമാണ്‌ കെ ഫോൺ. യാഥാർഥ്യമാകില്ലെന്ന്‌ നിരന്തരം യുഡിഎഫ്‌ പ്രചരിപ്പിച്ച പദ്ധതി ഉദ്ഘാടനമെത്തിയപ്പോൾ യുഡിഎഫ്‌ നേതാക്കൾ ബഹിഷ്കരിച്ചു. യുഡിഎഫ്‌ എംഎൽഎമാരുടെ മണ്ഡലത്തിലടക്കം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1400 കുടുംബത്തിൽ ആദ്യഘട്ടത്തിൽ സൗജന്യമായി ഇന്റർനെറ്റ്‌ കണക്‌ഷനെത്തും. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെയും മറന്നുകൊണ്ടാണ്‌ യുഡിഎഫിന്റെ ബഹിഷ്കരണം. കേരളത്തിലെ റോഡിൽ അനുദിനം പെരുകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനും അപകടമരണം ഇല്ലാതാക്കാനുമാണ്‌ കർശനരീതിയിൽ നിയമം നടപ്പാക്കുന്ന സേഫ്‌കേരള പദ്ധതി തുടങ്ങിയത്‌. ഏറ്റവും ആധുനിക കാമറാ സംവിധാനമുൾപ്പെടെ ഉപയോഗിച്ച്‌ നിയമലംഘനങ്ങൾ തടയലാണ്‌ ലക്ഷ്യം. അത്‌ സർക്കാരിന്‌ പണമുണ്ടാക്കാനുള്ള മാർഗമായി വ്യാഖ്യാനിക്കുന്നു. നിയമം പാലിച്ചാൽ സർക്കാരിന്‌ ഒരു രൂപയും അടയ്‌ക്കേണ്ടതില്ലെന്ന വസ്‌തുത ഇവർ മറച്ചുവയ്ക്കുന്നു. ഇല്ലാത്ത അഴിമതി ചൂണ്ടിക്കാട്ടിയാണ്‌ ബഹിഷ്കരണം. സിൽവർലൈൻ വരാതിരിക്കാൻ ബിജെപി നേതാക്കളെ കൂട്ടുപിടിച്ച്‌ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയതും സമരകോലാഹലം ഉണ്ടാക്കിയതും കോൺഗ്രസിന്റെ പുതിയ നേതൃത്വമാണ്‌. പ്രാഥമിക ഘട്ടത്തിൽത്തന്നെ എതിർത്തത്‌ പദ്ധതിയോടുള്ള എതിർപ്പ്‌ കൊണ്ടല്ല, പകരം എൽഡിഎഫ്‌ ഭരിക്കുമ്പോൾ ഒന്നും നടക്കരുതെന്ന വാശികൊണ്ടാണെന്നതും വ്യക്തം. തീരദേശ പാതയ്‌ക്കെതിരെ കുത്തിപ്പൊക്കുന്ന വ്യാജ ആരോപണങ്ങളും യുഡിഎഫിന്റെ വികസനവിരോധം ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്‌. Read on deshabhimani.com

Related News