സംസ്ഥാന സർക്കാരിന്‌ ജനങ്ങളുടെ പിന്തുണ ഉറപ്പ്‌ : ടി എം തോമസ്‌ ഐസക്‌



തിരുവനന്തപുരം ക്ഷേമവും കരുതലും വികസനവും തുടരുന്നതിനായി വിഭവ സമാഹരം ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്‌ എല്ലാവരുടെയും പിന്തുണ ഉറപ്പാണെന്ന്‌ മുൻധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാകണം അധിക വിഭവ സമാഹരണ ശ്രമങ്ങളെ വിലയിരുത്തേണ്ടതെന്ന്‌ അദ്ദേഹം  ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.   ദേശീയ സാമൂഹ്യ സുരക്ഷാ പരിപാടിക്ക്‌ നാമമാത്ര സഹായമാണ്‌ കേന്ദ്രം തുടരുന്നത്‌. എന്നാൽ, മുടക്കം കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്ന കേരളത്തിന്റെ സംവിധാനം തകർക്കാനാണ്‌ കേന്ദ്ര ശ്രമം. സഞ്ചിത ബാധ്യതയൊന്നും വരുത്താത്ത പെൻഷൻ കമ്പനിക്കെതിരെ വാളെടുക്കുന്നു. ഇവിടെയാണ്‌ പെൻഷൻ മുടങ്ങാതിരിക്കാനുള്ള കേരളത്തിന്റെ കരുതൽ നടപടി ജനങ്ങൾക്ക്‌ സ്വീകാര്യമാകുന്നത്‌.  വിലക്കയറ്റം ഉയരാതിരിക്കാൻ വിപണി ഇടപെടലിന്‌ 2000 കോടി രൂപ വകയിരുത്തി. റബറിനടക്കം കാർഷിക മേഖലയ്ക്കും വിഹിതം ഉയർത്തി. തീര മേഖലയിൽ പുനർഗേഹം, എൽപിജി എൻജിനുകളിലേക്കുള്ള പരിവർത്തനം തുടങ്ങി ശ്രദ്ധേയമായ പദ്ധതികൾ. വ്യവസായ മേഖല പൊതുവിൽ ബജറ്റിനെ സ്വാഗതം ചെയ്‌തു. കിഫ്ബിയുടെ അകാല ചരമം പ്രവചിച്ചവർക്കും മറുപടി നൽകി. വിഴിഞ്ഞം തുറമുഖ പശ്ചാത്തലത്തിൽ റിങ്‌ റോഡ് വികസനം, വികസന ഇടനാഴി എന്നിവയ്ക്കായി കിഫ്ബിവഴി വലിയ മുതൽ മുടക്കാണ്‌ പ്രഖ്യാപിച്ചത്‌. സർക്കാർ വിഹിതം ഉപയോഗിച്ച് അതിന്റെ പലമടങ്ങ്‌ വികസന നിക്ഷേപം നടത്തിക്കൊണ്ട് കിഫ്ബി ശക്തമായി തുടരുമെന്ന് അർഥശങ്കയ്‌ക്കിടയില്ലാതെ ധനമന്ത്രി വ്യക്തമാക്കി–- തോമസ്‌ ഐസക്‌ പറഞ്ഞു.   Read on deshabhimani.com

Related News