പിഎൻബിയിലെ തട്ടിപ്പ്‌ ; നാട്ടുകാരുടെ പണവും തട്ടി , 
21.5 കോടിയുടെ തിരിമറി



കോഴിക്കോട്‌ പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ (പിഎൻബി) ലിങ്ക്‌ റോഡ്‌ ശാഖയിൽ  21.5 കോടി രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ  ഓഡിറ്റ് റിപ്പോർട്ട്. കോഴിക്കോട്‌  കോർപറേഷന്റെ എട്ട്‌ അക്കൗണ്ടുകൾക്കുപുറമ സ്വകാര്യ വ്യക്തികളുടെ ഒമ്പത്‌ അക്കൗണ്ടുകളിൽനിന്നും പണം തിരിമറി നടന്നെന്ന റിപ്പോർട്ട്  ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. ബാങ്ക്‌ മാനേജർ എം പി റിജിലിന്റെ നേതൃത്വത്തിൽ നടന്ന വൻ തിരിമറിയുടെ പേരിൽ കോർപറേഷനെ രാഷ്‌ട്രീയമായി ആക്രമിക്കാൻ മാധ്യമങ്ങളും യുഡിഎഫും നടത്തുന്ന ശ്രമത്തിലെ പൊള്ളത്തരം വെളിവാക്കുന്നതാണ്‌  റിപ്പോർട്ട്‌. ഇതുവരെ നടന്ന പരിശോധനയിൽ കോർപറേഷന്റെ മാത്രം 12.64 കോടി രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്‌.  15.24 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് കോർപറേഷന്റെ പരാതി. സ്വകാര്യവ്യക്തിയുടെ ഒരു അക്കൗണ്ടിൽനിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റു പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്‌. പല അക്കൗണ്ടുകളിൽനിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപറേഷൻ എന്നിവയുടെ രേഖകൾ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. മാനേജർ എം പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെടെ ഈ അക്കൗണ്ടിൽനിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. കൂടുതൽ പേർക്ക്‌ പണം നഷ്ടപ്പെടാൻ സാധ്യതയുള്ളതായാണ്‌ അന്വേഷകസംഘത്തിന്റെ വിലയിരുത്തൽ.  ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ടി എ ആന്റണിക്കാണ്‌ അന്വേഷണ ചുമതല. റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. ഒളിവിലുള്ള റിജിലിനെ പിടികൂടാൻ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. Read on deshabhimani.com

Related News