കുടുംബത്തിന്‌ ക്ഷേത്രവിലക്കും ഭീഷണിയും ; പിന്നിൽ ബിജെപി, 
ആർഎസ്‌എസ്‌ നേതൃത്വം



കോഴിക്കോട്‌ ബിജെപി വിട്ട്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച കുടുംബത്തിന്‌ ഭീഷണിയും  ക്ഷേത്രത്തിൽ വിലക്കും. വെള്ളയിൽ തൊടിയിൽ ‘കാവ്യാസ്‌മിത’ത്തിൽ ഷിൻജുവും കുടുംബവുമാണ്‌ ആർഎസ്‌എസ്‌–-ബിജെപി  പ്രവർത്തകരുടെ  അതിക്രമങ്ങളും ഭീഷണിയും നേരിടുന്നത്‌. ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന അരയ സമാജത്തിനു കീഴിലെ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ ശബരിമലയ്‌ക്ക്‌ പോകാനായി കെട്ടുനിറയ്ക്കാനും ഷിൻജുവിനെ  വിലക്കി. രണ്ടുവർഷം മുമ്പാണ്‌ ഷിൻജുവും സഹോദരന്മാരായ മഹേഷ്‌, ഉണ്ണി എന്നിവരും സിപിഐ എമ്മുമായി സഹകരിച്ച്‌  പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. തുടർന്നാണ്‌ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരിൽ നിന്ന്‌ നിരന്തരം ശല്യപ്പെടുത്തൽ. അമ്പലക്കമ്മിറ്റി അംഗമായിട്ടും  കെട്ടുനിറയ്‌ക്കാൻ  അനുവദിക്കുന്നില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനോട്‌ അന്വേഷിക്കുമ്പോൾ കമ്മിറ്റി തീരുമാനമാണിതെന്നായിരുന്നു മറുപടി. തൊടിയിൽ ബീച്ചിൽ ഷിൻജുവിന്റെ ബങ്കിനു‌ സമീപം  ഷഡ് കെട്ടി കച്ചവടം മുടക്കാനും ശ്രമമുണ്ട്‌. കട തുറക്കാൻ പോയ ജ്യേഷ്‌ഠന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച്‌ അസഭ്യം പറയുകയുണ്ടായി. ആർഎസ്‌എസ്‌ മുൻ  ശാഖാ മുഖ്യശിക്ഷക് നിമോഷ് വീട്ടിലെത്തി സ്‌ത്രീകളെ കൈയേറ്റം ചെയ്യുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തതായി  ഷിൻജു പറഞ്ഞു. ഇതിനെതിരെ വെള്ളയിൽ പൊലീസിൽ   പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും  ഇവർ പറഞ്ഞു. ആർഎസ്‌എസുകാർ കൂടുതലുള്ള മേഖലയിൽ നിന്ന്‌ ഈ കുടുംബം  സിപിഐ എമ്മിലേക്ക്‌ വന്നതും   മത്സ്യത്തൊഴിലാളി യൂണിയനി(സിഐടിയു) ലേക്ക്‌ നിരവധി പേർ ചേർന്നതുമാണ്‌ ശത്രുതയ്ക്കു കാരണമെന്ന്‌ ഷിൻജു പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം ശബരിമല‌ക്ക്‌ പോകേണ്ടതിനാൽ ഞായറാഴ്‌ച മറ്റൊരു ക്ഷേത്രത്തിൽ നിന്ന്‌ കെട്ടുനിറയ്‌ക്കാനുള്ള ആലോചനയിലാണ്‌ ഷിൻജു.     Read on deshabhimani.com

Related News