ഇംഗ്ലണ്ടിൽ നിന്നെത്തിയ ഡോക്‌ടർക്ക്‌ കോവിഡ്‌; ഒമിക്രോൺ പരിശോധനയ്‌ക്കയച്ചു



കോഴിക്കോട്‌ ഇംഗ്ലണ്ടിൽ നിന്നെത്തി കോവിഡ്‌ സ്ഥിരീകരിച്ച ഡോക്‌ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. ലണ്ടൻ വിമാനത്താവളത്തിൽ ഒപ്പമുണ്ടായിരുന്ന ഇസ്രായേൽ സ്വദേശിക്ക്‌ ഒമിക്രോൺ സ്ഥിരീകരിച്ചതായി സംശയമുണ്ട്‌. കഴിഞ്ഞ 21ന്‌ നാട്ടിലെത്തിയ ചാലപ്പുറത്തുകാരനായ ഡോക്ടർക്ക്‌ 26നാണ്‌ രോഗം സ്ഥിരീകരിച്ചത്‌. അമ്മയും പോസിറ്റീവാണ്‌. ഇവരുടെ സാമ്പിളും പരിശോധനക്കയച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോടെക്‌നോളജിയിൽ ജനിതക ശ്രേണീകരണം നടത്തി ഒരാഴ്‌ചയ്‌ക്കകം ഫലം പുറത്തു വരും. 46 കാരനായ ഡോക്‌ടറെ ബീച്ച്‌ ആശുപത്രിയിലേക്ക്‌ മാറ്റി. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ട്രെയിനിലും അല്ലാതെയും യാത്ര ചെയ്തിട്ടുണ്ട്‌. കോഴിക്കോട്‌ ജില്ലയിൽ മറ്റിടങ്ങളിൽ ഇവർക്ക്‌ സമ്പർക്കമില്ല. ഉടൻ സമ്പർക്കപട്ടിക തയാറാക്കും. ഇരുവരും വാക്‌സിനെടുത്തിട്ടുണ്ട്‌. ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി നെഗറ്റീവാണ്‌. ഒമിക്രോൺ സാധ്യതള്ള രാജ്യത്തിൽ നിന്ന്‌ വന്നതിനാലാണ്‌ ജാഗ്രതാ നടപടിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. Read on deshabhimani.com

Related News