കണ്‌ഠമിടറി നേതാക്കൾ



കണ്ണൂർ പയ്യാമ്പലത്തെ അനുസ്‌മരണയോഗത്തിൽ വികാരാധീനരായും വിതുമ്പലടക്കാനാകാതെയും നേതാക്കൾ. കോടിയേരിക്ക്‌ അന്ത്യയാത്ര നൽകിയശേഷം പയ്യാമ്പലത്ത്‌ ചേർന്ന അനുസ്‌മരണ യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ എന്നിവരെല്ലാം വാക്കുകൾ പൂർത്തിയാക്കാനാകാതെയാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കണ്‌ഠമിടറി ചുരുക്കം വാക്കുകളിൽ സംസാരം നിർത്തി. കോടിയേരിയെ ശുശ്രൂഷിച്ച ഡോക്ടർമാർക്കും അദ്ദേഹത്തിന്‌ അനുയോജ്യമായ യാത്രാമൊഴി നൽകിയ ജനലക്ഷങ്ങൾക്കും നന്ദി പറഞ്ഞ മുഖ്യമന്ത്രി ഒരുനിമിഷം നിശ്ശബ്ദനായി. തുടർന്ന്‌ വാക്കുകൾ കിട്ടാതെ കണ്ഠമിടറി.  പ്രസംഗം പാതിയിൽ നിർത്തി. സംസാരം തുടങ്ങുമ്പോൾതന്നെ, എപ്പോൾ അവസാനിപ്പിക്കേണ്ടിവരുമെന്ന്‌ ഒരു നിശ്‌ചയവുമില്ലെന്ന്‌ സൂചിപ്പിച്ചിരുന്നു. തുടർന്ന്‌ സംസാരിച്ച സീതാറാം യെച്ചൂരി ഈ വിയോഗം ദേശീയതലത്തിൽതന്നെ വലിയൊരു വിടവാണെന്നും ചിരിച്ച മുഖത്തോടെ എന്നും കാണാൻ കഴിയുന്ന കോടിയേരി കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സൗമ്യമുഖമാണെന്നും പറഞ്ഞു. പ്രസംഗം തുടരാനാകാതെ കോടിയേരിക്ക്‌ റെഡ്‌ സല്യൂട്ട്‌ അർപ്പിച്ച്‌ നിർത്തി. പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ടും വികാരാധീനനായി വാക്കുകൾ മുറിഞ്ഞാണ്‌ സംസാരം തുടർന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ വേണ്ടി ഉഴിഞ്ഞുവച്ച കോടിയേരിയുടെ ജീവിതം നമുക്ക്‌ പാഠമാകണം. ഇന്ന്‌ നമുക്ക്‌ ഇതിനായി പുതിയ പ്രതിജ്ഞയെടുക്കാം. പാർടിയുടെ ദേശീയനേതൃത്വത്തിൽ കോടിയേരിയുടെ വിടവ്‌ നികത്താനാകില്ലെന്നും കാരാട്ട്‌ പറഞ്ഞു. സിപിഐ നേതാവ്‌ ബിനോയ്‌ വിശ്വവും കണ്‌ഠമിടറിയാണ്‌ അനുശോചനയോഗത്തിൽ സംസാരിച്ചത്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, എസ്‌ രാമചന്ദ്രൻപിള്ള, പി കെ ശ്രീമതി, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ,  എംപിമാരായ തോമസ്‌ ചാഴിക്കാടൻ, എൻ കെ പ്രേമചന്ദ്രൻ, എംഎൽഎമാരായ കെ പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സണ്ണി ജോസഫ്‌, ലീഗ്‌ നേതാവ്‌ അബ്ദുറഹ്‌മാൻ കല്ലായി, എ നീലലോഹിതദാസൻ നാടാർ, സി കെ പത്മനാഭൻ, സി എ അജീർ, ജോസ്‌ ചെമ്പേരി, സ്‌കറിയാ തോമസ്‌, ജോൺ ജോസഫ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News