നവരാത്രി ആഘോഷം; വീടുകളിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി



മട്ടാഞ്ചേരി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മട്ടാഞ്ചേരിയിൽ വീടുകളിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി. ഫോർട്ട് കൊച്ചി അജന്ത റോഡിൽ മാഥുര വീട്ടിൽ ജി വേണുഗോപാൽ തയ്യാറാക്കിയ ബൊമ്മക്കൊലുകൾ കൗതുകക്കാഴ്ചയായി. സരസ്വതി, ദുർഗ, ലക്ഷ്മി, കൃഷ്ണൻ, നരസിംഹം എന്നിങ്ങനെ ഒറ്റയൊറ്റയായും ഗ്രൂപ്പായും ബൊമ്മക്കൊലുകളുണ്ട്‌. 60 സെറ്റ്‌ ബൊമ്മക്കൊലുകൾ ശേഖരത്തിലുണ്ട്‌. തിരുപ്പതിയിലെ ഗരുഡ ഉത്സവം, ശബരിമലയിലെ പടിപൂജ, പുഷ്പകവിമാനം, ലങ്കാദഹനം, ബാലിവധം, ശ്രീരാമ പട്ടാഭിഷേകം, അഷ്ടലക്ഷ്മി, ദശാവതാരങ്ങൾ, കൃഷ്ണ ലീല എന്നിങ്ങനെ വൈവിധ്യങ്ങളായ രൂപങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കളിമൺരൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്നതാണ്. 12 വർഷമായി വേണുഗോപാലിനൊപ്പം ഭാര്യ ദീപ്തിയും മകൾ കീർത്തനയും ചേർന്നാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒമ്പത് നാളുകളാണ് വീടുകളിൽ ബൊമ്മക്കൊലുകൾ ഒരുക്കുന്നത്. വിവിധയിടങ്ങളിൽ യാത്രപോകുമ്പോൾ വാങ്ങുന്നവയും കൂട്ടത്തിലുണ്ടെന്ന്‌ ദീപ്തി പറഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന ബൊമ്മകൾ ഉണ്ട്. വർഷങ്ങളായുള്ള ശേഖരമാണെന്നും പറഞ്ഞു. Read on deshabhimani.com

Related News