വിമാന യാത്രക്കൂലി വർധന തടയാൻ നടപടി വേണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി



തിരുവനന്തപുരം > വിമാന യാത്രക്കൂലി വർധന തടയാനും വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം രാജഗോപാലൻ എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍വീസുകളുടെയും സീറ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കാൻ  നടപടികള്‍ സ്വീകരിക്കണമെന്നും വിമാന കമ്പനികളോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 1994-ല്‍ എയര്‍കോര്‍പ്പറേഷന്‍ നിയമം റദ്ദാക്കി വിമാന നിരക്ക് നിയന്ത്രണം എടുത്തുകളഞ്ഞതിനാല്‍, നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിമാന കമ്പനികള്‍ക്കുണ്ട്‌ എന്ന മറുപടിയാണ് ലഭിച്ചത്. സെപ്‌തംബർ എട്ടിന്‌ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എയര്‍പോര്‍ട്ടുകളിലെ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്‌ 2490 രൂപയാണ്‌. സാധാരണ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ടിനെ അപേക്ഷിച്ച് ഒരുമണിക്കൂറിനുള്ളില്‍ റിസല്‍ട്ട് ലഭിക്കുന്നു. ഇതിൽ ഉപയോഗിക്കുന്ന കാട്റിഡ്ജിന് 2000 രൂപയോളം വിലവരും. ഇത്‌ കണക്കാക്കിയാണ് നിരക്ക്‌ നിശ്ചയിച്ചത്. എന്നാല്‍ എത്തിചേരേണ്ട രാജ്യങ്ങളിലെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ചെലവ് കുറഞ്ഞ ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. . Read on deshabhimani.com

Related News