രാമക്ഷേത്ര നിർമാണം: കോൺഗ്രസ് നിലപാടിനെ വിമർശിച്ച് സമസ്ത



സ്വന്തം ലേഖകൻ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌ത കോൺഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിതമായി വിമർശിച്ച് സമസ്‌ത. മൃദു ഹിന്ദുത്വ നയം തുടർന്നാൽ  ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് കോൺഗ്രസിന്റെ  അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല–- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ) വിഭാഗം വ്യക്തമാക്കി. മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെയാണ്‌ വിമർശനം. ക്ഷേത്രനിർമാണത്തെ പിന്തുണച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽ നാഥിന്റെയും ദിഗ്‌വിജയ് സിങ്ങിന്റെയും നിലപാട് സൂചിപ്പിച്ചാണ് സമസ്തയുടെ മുന്നറിയിപ്പ്. ഇത്തരം നേതാക്കൾ തുടരുന്നിടത്തോളം കാലം  ഇന്ത്യയിൽ കോൺഗ്രസിന് ഭാവിയില്ല. രാഷ്ട്രീയലാഭത്തിനായി രാജീവ് ഗാന്ധി ബാബറി മസ്ജിദ് ശിലാന്യാസത്തിനും പൂജക്കും തുറന്നുകൊടുത്തതാണ് രാജ്യത്ത് സംഘപരിവാരത്തിന് നേട്ടമായതെന്നും  മുഖപ്രസംഗത്തിൽ പറഞ്ഞു. നെഹ്റു കോൺഗ്രസിന്റെ നെറ്റിത്തടത്തിൽ പതിപ്പിച്ച മതേതര മുദ്ര അധികാര രാഷ്ട്രീയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയ ഏതാനും കോൺഗ്രസ് നേതാക്കൾ മായ്ച്ചുകൊണ്ടിരിക്കയാണ്–- ഇത് കോൺഗ്രസിൽനിന്ന് പ്രതീക്ഷിക്കാത്തത് എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. 17 കോടി മുസ്ലിങ്ങളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് അയോധ്യയിലെ ക്ഷേത്രത്തിന് തറയൊരുക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ഓർക്കണം.   ബിജെപിയുടെ രാഷ്ട്രീയ അജൻഡയെ തുറന്നുകാട്ടുന്നതിനുപകരം അവർക്കൊപ്പം ചേർന്നുപോകുന്ന രാഷ്ട്രീയനയം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന മുന്നറിയിപ്പും മുഖപ്രസംഗം നൽകുന്നു. Read on deshabhimani.com

Related News