വനിതാ സിപിഒ റാങ്ക്‌ലിസ്റ്റ്‌ ഇന്ന്‌ ; ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം



തിരുവനന്തപുരം ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിത സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്റ്റ്‌ പിഎസ്‌സി ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (എസ്‌ഐഎസ്‌എഫ്) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും. വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌. കായികക്ഷമതാ പരീക്ഷ നീട്ടിവയ്‌ക്കാൻ‌ ചില ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതാണ്‌ റാങ്ക്‌ലിസ്റ്റ്‌ വൈകിച്ചത്‌‌‌. കായികക്ഷമതാ പരീക്ഷ നടത്താത്തവർക്ക്‌ പിന്നീട്‌ നടത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിലൂടെ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുത്തും. കോടതി ഇടപെടൽ ഉണ്ടായിട്ടും ഉദ്യോഗാർഥികളുടെ താൽപ്പര്യം പരിഗണിച്ചാണ്‌ ഇത്തരത്തിൽ പ്രത്യേക തീരുമാനമെന്ന്‌‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ വന്നശേഷം രണ്ട്‌ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്നായി പതിനൊന്നായിരത്തിലേറെ പേർക്ക്‌ നിയമനം നൽകിയിട്ടുണ്ട്‌. അടുത്ത പരീക്ഷയ്‌ക്ക്‌ പിഎസ്‌സി വിജ്ഞാപനവും ഇറക്കി. Read on deshabhimani.com

Related News