അഗ്നിപഥ്‌: സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശം



കൊച്ചി അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രാഥമികവാദം കേട്ട കോടതി ഹർജി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിച്ചു. കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി അബിമോൻ വർഗീസ് അടക്കം 23 യുവാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ സായുധ സേനാ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിർദേശിച്ചു. 2020 ഒക്ടോബർ 21ന്റെ വിജ്ഞാപനപ്രകാരം യോഗ്യത നേടിയ ഉദ്യോഗാർഥികളാണ് ഹർജിക്കാർ. കായികക്ഷമതാ പരിശോധനയും ആരോഗ്യപരിശോധനയും പരീക്ഷയും പൂർത്തിയാക്കി നിയമനം കാത്തിരിക്കവെ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച കേന്ദ്രം നിലവിലുള്ള അവസരങ്ങൾ റദ്ദാക്കിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അഗ്നിപഥ് പ്രഖ്യാപനം നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്നാണ് ഹർജിയിലെ ആരോപണം. മുൻ വിജ്ഞാപനം പുനഃസ്ഥാപിച്ച് നിയമനം നൽകണമെന്ന ആവശ്യത്തിലാണ് ട്രിബ്യൂണലിനെ സമീപിക്കാൻ കോടതി നിർദേശിച്ചത്. Read on deshabhimani.com

Related News