ലക്ഷദ്വീപിൽ രാക്ഷസത്തിര : കടലാക്രമണത്തിന്‌ നേരിയ ശമനം; 
ജാഗ്രതയിൽ ദ്വീപ് ജനത



കൊച്ചി ലക്ഷദ്വീപുകാരെ ഭീതിയിലാഴ്‌ത്തിയ കനത്ത കടലാക്രമണത്തിനും കടൽകയറ്റത്തിനും ഞായറാഴ്‌ചയോടെ നേരിയ ശമനമായി. മൂന്നുമീറ്ററോളം കടൽത്തിര ഉയർന്ന്‌ ആഞ്ഞടിച്ചതോടെ 50 മീറ്ററിലേറെ കരയിലേക്ക്‌ വെള്ളം കയറി. ശനി ഉച്ചയോടെ ആഞ്ഞടിച്ച രാക്ഷസത്തിരകൾക്ക്‌ അർധരാത്രിയോടെയാണ്‌ അൽപ്പം ശക്തി കുറഞ്ഞത്‌. ഞായറാഴ്ച തിരകളുടെ ശക്തി കുറഞ്ഞെങ്കിലും പുലർച്ചെമുതൽ ശക്തമായ മഴയുള്ളതിനാൽ ജാഗ്രത തുടരുന്നു. തിരമാലകൾ അസാധാരണമായി ഉയർന്ന്‌ കരയിലേക്ക്‌ ആഞ്ഞടിച്ച്‌ തീരത്തെ മീൻഷെഡുകൾ തകർന്നു. തീരത്തോട്‌ ചേർന്നുള്ള വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറി. വീട്ടുപകരണങ്ങൾ നശിച്ചു. പ്രദേശത്തുള്ളവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. പലരും മാറാൻ തയ്യാറായിരുന്നില്ലെന്നും നിർബന്ധപൂർവമാണ്‌ തീരം ഒഴിപ്പിച്ചതെന്നും കവരത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്‌ദുൾ ഖാദർ പറഞ്ഞു. ‘അടുത്തകാലത്തൊന്നും ലക്ഷദ്വീപിൽ ഇത്രയേറെ ശക്തമായി തിരയുണ്ടായിട്ടില്ല. മുന്നറിയിപ്പുകൾ ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. പുനരധിവാസത്തിന്‌ ലക്ഷദ്വീപ്‌ ഭരണാധികാരികളുമായി ചേർന്ന്‌ ദുരന്തനിവാരണപ്രവർത്തകർ രംഗത്തിറങ്ങി. ആളപായമില്ല. എങ്കിലും ജാഗ്രത തുടരുകയാണ്‌’–- അദ്ദേഹം പറഞ്ഞു. കപ്പൽ അടുക്കുന്ന കിഴക്കേ ജെട്ടിയിൽ യാത്രികർ വിശ്രമിക്കുന്ന ഹാളിലും വെള്ളം കയറി. ജെല്ലിയും കല്ലും മണ്ണും അകത്ത്‌ അടിഞ്ഞുകൂടി. കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരിക്കുക
യാണ്‌.  ആന്ത്രോത്ത് ദ്വീപിന്റെ ഒരുഭാഗത്ത്‌ ആഞ്ഞടിച്ച കൊടുങ്കാറ്റ് സമീപപ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക്‌ നാശമുണ്ടാക്കി. മുൻകരുതലായി പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി.  തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിൽ കടലാക്രമണം നാശംവിതച്ചു. കടൽപ്പാറയുടെ കൂറ്റൻ കഷണങ്ങൾ കരയിലേക്ക് ഒഴുകിക്കയറി. ചെത്‌ലത്‌ ദ്വീപിന്റെ തെക്ക് ഹെലിപാഡില്‍ വെള്ളം കയറി. ചകിരിഫാക്ടറിയുടെ ഭിത്തികൾ കടലെടുത്തു. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അടുത്ത രണ്ടുദിവസം ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്‌. കനത്ത മഴ പെയ്യുന്നത്‌ ആശങ്ക ഉയർത്തുകയാണ്‌.  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. Read on deshabhimani.com

Related News