മാധ്യമങ്ങൾ യാഥാസ്ഥിതികമൂല്യം 
ഉയർത്തിക്കാട്ടുന്നു: സുനിൽ പി ഇളയിടം



കൊച്ചി മൂലധനതാൽപ്പര്യത്തിനുവേണ്ടി യാഥാസ്ഥിതികമൂല്യങ്ങളെ ഉയർത്തിക്കാട്ടുകയാണ്‌ മാധ്യമങ്ങൾ ചെയ്യുന്നതെന്ന്‌ ഡോ. സുനിൽ പി ഇളയിടം. ആൾദൈവങ്ങൾമുതൽ ആഭിചാരംവരെ എന്തിനെയും പിന്തുണയ്‌ക്കുന്നതും ഒന്നിനെയും വിമർശാത്മകമായി സമീപിക്കാത്തതുമായ മാധ്യമ അന്തരീക്ഷം കേരളത്തിലുണ്ട്‌. ദേശാഭിമാനി 80–-ാം വാർഷികത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  സ്‌ത്രീധനക്കൊലപാതകങ്ങളിൽ ഉൾപ്പെട്ടവർ വളരെയധികം വിദ്യാഭ്യാസം നേടിയവരാണെന്നു കാണാം. അറിവിനെ മൂല്യമാക്കാതെ വെറും അലങ്കാരമാക്കുന്ന നിഷേധപാരമ്പര്യം വന്നിരിക്കുന്നു എന്നതാണ്‌ ഇതിന്‌ കാരണം. സാമൂഹികത സാർവത്രികമായി തകരുന്ന അന്തരീക്ഷം ഉണ്ടായിരിക്കുന്നു. ഇതിന്‌ ഏറ്റവും അധികം പ്രേരണ നൽകുന്നത്‌ മാധ്യമങ്ങൾ ഒരുക്കിക്കൊടുക്കുന്ന അന്തരീക്ഷമാണ്‌. ഇപ്പോൾ ആധുനികസങ്കേതങ്ങൾ ഉപയോഗപ്പെടുത്തി അതിയാഥാസ്ഥിതികമായ മൂല്യങ്ങൾ സമൂഹത്തിൽ ഉറപ്പിക്കുന്ന പ്രവണത ശക്തിപ്പെടുകയാണ്‌. 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്ന പ്രചാരണം ശക്തമാണ്‌. എന്നാൽ, 121 രാജ്യങ്ങളെമാത്രം പരിഗണിച്ചുള്ള ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 107–-ാം സ്ഥാനത്താണെന്നതും നാം ഓർക്കണം. ഇത്‌ നമ്മുടെ മാധ്യമങ്ങളിൽ അധികമൊന്നും വരാറില്ല. സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ സമത്വമുള്ള സമൂഹനിർമിതിക്കായുള്ള നിരന്തരമായ സമരചരിത്രമാണ്‌ ദേശാഭിമാനി. പലഘട്ടങ്ങളിലും കേരളത്തെ പിന്നോട്ടടിക്കുന്ന നീക്കങ്ങൾ സമൂഹത്തിൽ ഉണ്ടായപ്പോൾ അതിനെ പ്രതിരോധിച്ചത്‌ ദേശാഭിമാനിയാണെന്ന്‌ സുനിൽ പി ഇളയിടം പറഞ്ഞു. Read on deshabhimani.com

Related News