കോവിഡ്‌ പ്രതിരോധം : കേരളത്തിന്റെ നെറ്റ്‌വർക്കിന്‌ കേന്ദ്ര അംഗീകാരം



തിരുവനന്തപുരം കേരളത്തിന്റെ കൊറോണ സേഫ്‌ നെറ്റ്‌വർക്കിന്‌ ദേശീയ അംഗീകാരം. രാജ്യത്തിന്റെ 75 വർഷത്തെ നിർമിതബുദ്ധിയുടെ വളർച്ചയുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ്‌ പ്രശംസ. കോവിഡ്‌ ചികിത്സാ സജ്ജീകരണത്തിനായാണ്‌ സംസ്ഥാനം  കൊറോണ സേഫ്‌ നെറ്റ്‌വർക്ക്‌ ആരംഭിച്ചത്‌. ടെലി മെഡിസിൻ, കോൾ മാനേജ്‌മെന്റ്‌, ആംബുലൻസ്‌ ഡയറക്ടറി, രക്തബാങ്ക്‌, ഭക്ഷണവിതരണം, ആശുപത്രി, കിടക്ക, ഓക്‌സിജൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ നെറ്റ്‌വർക്കിൽ നൽകിയിരുന്നു. രോഗികളുടെ എണ്ണം ഉയർന്നപ്പോൾ കിടക്കയുടെയും ഓക്‌സിജന്റെയും ലഭ്യത ഉറപ്പാക്കിയത്‌ നെറ്റ്‌വർക്ക്‌ സഹായത്തിലാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ആശുപത്രിയാക്കാനും നെറ്റ്‌വർക്ക്‌ സഹായിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ സോഴ്‌സ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ രോഗിയുടെ സ്വകാര്യത ഉറപ്പാക്കിയായിരുന്നു പ്രവർത്തനം. ഡാറ്റാ സ്വകാര്യത ഉറപ്പാക്കിയതും പ്രശംസിക്കപ്പെട്ടു. ഒപ്പം കോവിഡ്‌ ബോധവൽക്കരണത്തിന്‌ നെറ്റ്‌വർക്ക്‌ ഏറെ സഹായിച്ചെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യവകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മേൽനോട്ടത്തിലാണ്‌ ഇതിന്റെ പ്രവർത്തനം. Read on deshabhimani.com

Related News