വോൾവോ റേസ്‌ മുതൽ ബിനാലെവരെ ; കൊച്ചിയിലും 
കോടിയേരിയുടെ കെെയൊപ്പ്‌

വോൾവോ ഓഷ്യൻ റേസിന്റെ ഭാഗമായി നടന്ന ആഘോഷപരിപാടി ഉദ്‌ഘാടനം ചെയ്യാൻ കോടിയേരി ബാലകൃഷ്‌ണൻ എത്തിയപ്പോൾ. ഡോ. സെബാസ്റ്റ്യൻപോൾ, വയലാർ രവി 
തുടങ്ങിയവർ സമീപം . (ഫയൽ ചിത്രം)


കൊച്ചി ലോക ടൂറിസം മാപ്പിൽ കൊച്ചിയെ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിച്ച ടൂറിസംമന്ത്രി. കോടിയേരി ബാലകൃഷ്‌ണനെ കൊച്ചിക്കാർ ഓർമിക്കുന്നത്‌ ഇങ്ങനെ. കൊച്ചിയുടെ ടൂറിസം ഭാവിക്കായി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം വഹിച്ചു. ലോകം ശ്രദ്ധിക്കുന്ന കൊച്ചി ബിനാലെക്ക്‌ തുടക്കമിട്ടത്‌ കോടിയേരി ടൂറിസം മന്ത്രിയായിരിക്കെയാണ്‌. കലയും ടൂറിസവുമായുള്ള ബന്ധം തിരിച്ചറിഞ്ഞ്‌ ബിനാലെക്ക്‌ ആദ്യമായി അഞ്ചുകോടി രൂപ ഫണ്ട്‌ അനുവദിച്ചു. വോൾവോ ഓഷ്യൻ റെയ്‌സ് കൊച്ചിയിൽ നടത്തിയതും കോടിയേരിയുടെ നേതൃത്വത്തിലാണ്‌. ലോകത്തെ പ്രമുഖ പായ്‌ക്കപ്പലുകൾ മാറ്റുരച്ച വോൾവോ ഓഷ്യൻ റെയ്‌സ്‌ 2008 ഡിസംബർ 13നാണ്‌ കൊച്ചിയിൽ നടന്നത്‌. വോൾവോ ഓഷ്യൻ റെയ്‌സ്‌ മൂന്നാംപാദ മത്സരം കൊച്ചിയിൽനിന്ന്‌ സിംഗപ്പൂരിലേക്കായിരുന്നു. കേരള ടൂറിസത്തെ ലോകത്തിന്‌ മുന്നിലെത്തിക്കാൻ മാർക്കറ്റിങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. 10 ടൂറിസ്‌റ്റ്‌ ഇൻഫർമേഷൻ ഓഫീസർമാരെ ടൂറിസം മാർക്കറ്റിങ്‌ രംഗത്തേക്ക്‌ കൊണ്ടുവന്നു. കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി സ്‌പെയ്‌നിലെ മാഡ്രിഡിലും ജർമനിയിലെ ബെർലിനിലും റോഡ്‌ ഷോകൾ സംഘടിപ്പിച്ചു. പൈതൃകസ്‌മാരകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആശയവും കൊണ്ടുവന്നു. ഇതിന്റെഭാഗമായി മുസിരിസ്‌, തലശേരി ഹെറിറ്റേജ്‌ പദ്ധതികൾ ആരംഭിച്ചു. എറണാകുളം ഗവ. ഗസ്‌റ്റ്‌ ഹൗസിനെ തലയെടുപ്പുള്ളതാക്കിയതും കോടിയേരിയാണ്‌. 2009ൽ 45 മുറികളുമായി എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള ഗസ്‌റ്റ്‌ ഹൗസ്‌ നിർമിച്ചു. ഗ്രാൻഡ്‌ കേരള ഷോപ്പിങ്‌ ഫെസ്‌റ്റിവൽ മൂന്നുതവണ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ടൂറിസം ഇൻഫർമേഷൻ സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചതും അദ്ദേഹമാണ്‌. ഉത്തരവാദിത്വ ടൂറിസം എന്ന പുതിയ ആശയം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ടൂറിസംമന്ത്രിയും കോടിയേരി തന്നെ. ഇത്‌ ശക്‌തിപ്പെടുത്താൻ കുടുംബശ്രീയുമായി വിവിധ പദ്ധതികളും നടപ്പാക്കി. ചെറായി, കുഴുപ്പിള്ളി ബീച്ചുകളുടെ നവീകരണവും അദ്ദേഹം നടപ്പാക്കി. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത്‌ പദ്ധതികൾ നടപ്പാക്കിയിരുന്ന കോടിയേരി ടൂറിസംരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന്‌ എന്നും ആദ്യ പരിഗണന നൽകി. Read on deshabhimani.com

Related News