പഠനത്തിനൊപ്പം യുവാക്കളെ തൊഴിൽസജ്ജരാക്കുക ലക്ഷ്യം: മുഖ്യമന്ത്രി



തിരുവനന്തപുരം വിദ്യാഭ്യാസകാലത്തുതന്നെ യുവാക്കളെ വ്യാവസായിക മേഖലകളെ പരിചയപ്പെടുത്തി തൊഴിൽസജ്ജരാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അറിവിനെ വിമർശബുദ്ധിയോടെ സമീപിക്കാനും യുക്തിസഹമായി വിലയിരുത്താനും പുരോഗമനോത്മുഖമായി ഉപയോഗിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണം. അതിന്‌ ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യവസായമേഖലയുമായി ബന്ധപ്പെടുത്തണം. അസാപ് കേരളയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കണക്ട് കരിയർ ടു ക്യാമ്പസ്' ക്യാമ്പയിനിന്റെ ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷൻ ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ (എൻസിവിഇടി) അസസ്‌മെന്റ് ഏജൻസിയും അവാർഡിങ്‌ ബോഡിയുമായി അസാപ്‌ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നിർവഹിച്ചു.  ഡിഡബ്ല്യുഎംഎസ് കണക്ട് മൊബൈൽ ആപ് മന്ത്രി എം വി ഗോവിന്ദനും സ്‌കിൽ കാറ്റലോഗ്‌ മന്ത്രി വി ശിവൻകുട്ടിയും ഉദ്‌ഘാടനംചെയ്‌തു. വർക്ക് റെഡിനസ് പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന സിഐഐ, ലിൻക്‌ഡ്‌ ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടിസീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള ധാരണപത്ര കൈമാറ്റവും നടന്നു. Read on deshabhimani.com

Related News