വന്ദേ ഭാരത് വിമാന ടിക്കറ്റ് കരിഞ്ചന്തയിൽ ; തടിയൂരാൻ ട്രാവൽ ഏജൻസികളെ പഴിചാരി എയർഇന്ത്യ



നടുവണ്ണൂർ കോവിഡ് വ്യാപനത്തെ തുടർന്ന്‌ വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലെ ടിക്കറ്റ്‌ കരിഞ്ചന്തയിൽ വിൽക്കുന്നതായി പരാതി.  ഇന്ത്യ-–- കാനഡ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനങ്ങളടക്കം നിരവധി സീറ്റുകൾ എയർഇന്ത്യ ചുരുങ്ങിയ നിരക്കിൽ വിവിധ കോർപറേറ്റ് കമ്പനികൾക്ക് നൽകിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ ഈ  കമ്പനികൾ ടിക്കറ്റുകൾ മറിച്ചുവിൽക്കുന്നതായാണ്‌ പരാതി. എയർഇന്ത്യ അധികൃതരും കോർപറേറ്റ് കമ്പനികളും ചേർന്ന് നടത്തിയ തട്ടിപ്പ്‌ പുറത്തായതോടെ ട്രാവൽ ഏജൻസികളെ എയർഇന്ത്യ പഴിചാരുകയാണെന്നും ആരോപണമുണ്ട്‌. അവധിക്കാല യാത്രകൾക്കു വേണ്ടി മാസങ്ങൾക്കു മുമ്പേ ഗ്രൂപ്പായും നേരിട്ടും മുൻകൂർ പണമടച്ച്‌  ടിക്കറ്റുകളെടുത്തവർക്ക്‌ യാത്ര മുടങ്ങിയപ്പോൾ ആ തുക തിരിച്ചു നൽകാതെ ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്‌. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സുതാര്യമായ ഓഡിറ്റ് നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഇൻഡസ് ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർ ഏജന്റ്സ് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ഷമീമും ജനറൽ സെക്രട്ടറി  ജലീൽ മങ്കരതൊടിയും ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News