തീവ്രവാദ കൂട്ടുകെട്ട്‌ : മുസ്ലിംലീഗ്‌ വെട്ടിൽ



സ്വന്തം ലേഖകൻ തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്നതിനെതിരെ സമസ്‌തയും രംഗത്തെത്തിയതോടെ മുസ്ലിംലീഗ്‌ വെട്ടിൽ. സമുദായ സംഘടനകൾക്കും സഖ്യനീക്കത്തിൽ അമർഷമുണ്ട്‌. കെഎൻഎം മർക്കസുദ്ദവ (മുജാഹിദ്‌ വിഭാഗം) പരസ്യമായി എതിർത്തു. യൂത്ത്‌ലീഗ്‌ തുടക്കത്തിലേ വിയോജിപ്പറിയിച്ചു. അണികളിലും മുറുമുറുപ്പ്‌ ശക്തമായി. സമുദായ സംഘടനകളെ പിണക്കി ലീഗിന്‌ മുന്നോട്ടുപോകാനാകില്ല. വെൽഫെയർ പാർടി, എസ്‌ഡിപിഐ നേതാക്കളുമായി തുടങ്ങിയ ചർച്ചയിൽനിന്ന്‌ പിൻവാങ്ങാൻ കഴിയാത്ത അവസ്ഥയിലുമാണ്‌ ലീഗ്‌‌. തദ്ദേശ തെരഞ്ഞെടുപ്പിൽ  വെൽഫെയർ പാർടി–-പോപ്പുലർ ഫ്രണ്ട്‌ കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു ലീഗ്‌ നീക്കം. ഇതുസംബന്ധിച്ച സർക്കുലർ പുറത്തായപ്പോൾ നേതാക്കൾ ശരിവച്ചു. കോൺഗ്രസിന്റെ അറിവോടെയാണ്‌ ചർച്ചയെന്നും ആവർത്തിച്ചു.  ഇതിനിടയിലാണ്‌  ഇ കെ സുന്നി നിയന്ത്രണത്തിലുള്ള ‘സുപ്രഭാതം‘ പത്രത്തിലെഴുതിയ ലേഖനത്തിൽ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം ‌ലീഗിനെ കടന്നാക്രമിച്ചത്‌‌. രാഷ്‌ട്രീയലാഭം ലക്ഷ്യമിട്ടുള്ള കൂട്ടുകെട്ടിൽ സമുദായത്തെ കൂട്ടുപിടിക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശമാണ്‌ ലേഖനത്തിൽ‌. ചർച്ച നടന്നിട്ടില്ലെന്ന എം കെ മുനീറിന്റെ പ്രസ്‌താവന നേതാക്കൾക്കിടയിലും ഭിന്നതയുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇതേ വികാരമുള്ള നേതാക്കൾ ലീഗിൽ വേറെയുമുണ്ട്‌. Read on deshabhimani.com

Related News