ജന്മനാടിന്റെ ഓർമകളിൽ നിറഞ്ഞ്‌



ഇടുക്കി അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓർമകളിൽ വീണ്ടും ജ്വലിച്ച്‌ ജന്മനാടായ വട്ടവട. മഹാരാജാസ്‌ കോളേജിന്റെ മതിലിൽ അവൻ അവസാനമായി കുറിച്ചിട്ട ‘വർഗീയത തുലയട്ടെ’ എന്ന വാക്കുകൾ അവന്റെ പ്രിയസഖാക്കൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ ഒരിക്കൽകൂടി ഏറ്റുവിളിച്ചു. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽനിന്ന‌് ഒരിക്കലും പിന്നോട്ടില്ലെന്ന‌് പ്രഖ്യാപിച്ച‌് അനശ്വര രക്തസാക്ഷി അഭിമന്യുവിന‌് അഭിവാദ്യം അർപ്പിക്കാൻ ജന്മനാടായ വട്ടവടയിൽ അവന്റെ പ്രിയസഖാക്കൾ ഒരിക്കൽക്കൂടിയെത്തി. കേരള മനഃസാക്ഷിക്ക‌് തീരാനൊമ്പരം സമ്മാനിച്ച അഭിമന്യുവിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ സിപിഐ എം മറയൂർ ഏരിയ കമ്മിറ്റിയുടെയും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ‌് വട്ടവടയിൽ പ്രകടനവും അനുസ‌്മരണ യോഗവും സംഘടിപ്പിച്ചത‌്. കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആളുകൾ മാത്രമാണ്‌ പങ്കെടുത്തത്‌. വട്ടവടയിൽ നടന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ടിജു തങ്കച്ചൻ അധ്യക്ഷനായി. എസ് രാജേന്ദ്രൻ എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, വട്ടവട പഞ്ചായത്ത് പ്രസിഡന്റ്‌ പി രാമരാജ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി തേജസ് കെ ജോസ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണേന്ദു നന്ദിയും പറഞ്ഞു. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News