ജനകീയ ആരോഗ്യകേന്ദ്രം തുണയായി ; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം



തിരുവനന്തപുരം രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റും 13–--ാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോയി പൂണേലിലിന്‌ തുണയായി രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം. പക്ഷാഘാതം ബാധിച്ച ജോയി പൂണേലിലിന്‌ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്‌ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. മാതൃകാപരമായ പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ  മന്ത്രി വീണാ ജോർജ് ഓൺലൈൻ യോഗത്തിൽ അഭിനന്ദിച്ചു. യോഗത്തിൽ പങ്കെടുത്ത ജോയി പൂണേലിലും ജീവനക്കാരോടും ലഭിച്ച സേവനത്തിനും നന്ദി പറഞ്ഞു. തനിക്ക് പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിഞ്ഞത് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ സമയോചിത ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയി പൂണേലിലിന്‌ ക്ഷീണം അനുഭവപ്പെട്ടതോടെ എംഎൽഎസ്പി നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ  പരിശോധിച്ചു. രക്തസമ്മർദവും  പ്രമേഹവും ഉയർന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളർച്ചയും സംസാരത്തിൽ കുഴച്ചിലുമുണ്ടായി. പക്ഷാഘാതത്തിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കി ഉടനെ കൂടുതൽ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തിച്ചു. ഇ സഞ്ജീവനിയുടെ സഹായത്തോടെ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ കുത്തിവയ്പ് നടത്തിയതും ജീവൻ രക്ഷിക്കാൻ സഹായകരമായി. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഫീൽഡ് തലത്തിൽ രോഗപ്രതിരോധം മുതൽ സാന്ത്വന പരിചരണം വരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഇതുവഴി നടത്തുന്നത്. Read on deshabhimani.com

Related News