കുമിൾരോഗ ഭീതിയിൽ കപ്പക്കൃഷി



കൂത്താട്ടുകുളം കിഴക്കൻമേഖലയിലെ കപ്പക്കൃഷിയിൽ കുമിൾരോഗബാധ വ്യാപകമാകുന്നു. രോഗം സ്ഥിരീകരിച്ച പാലക്കുഴ പഞ്ചായത്തിലെ മനക്കപ്പാടം പ്രദേശത്ത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും കുമരകം ആർഎആർഎസ് കേന്ദ്രത്തിലെയും ഗവേഷകർ പരിശോധന നടത്തി. വടക്കൻ പാലക്കുഴ മനക്കപ്പാടത്തെ കപ്പക്കൃഷിക്ക് ഫംഗസ് ബാധ വ്യാപകമാണ്. കഴിഞ്ഞവർഷവും ഇവിടെ കൃഷിയിൽ വ്യാപകമായി ഫ്യൂസേരിയം റൂട്ടർ ആൻഡ്‌ കോളർ റോട്ട് കുമിൾരോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണ്, വിളയുടെ ഭാഗങ്ങൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച്‌ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കയച്ചു. മഞ്ഞളിച്ച ഇലയാണ് രോഗലക്ഷണം. എല്ലായിടത്തും വയലിലെ കൃഷിയിലാണ് രോഗം കണ്ടെത്തിയത്. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗം ചീയുകയും ചെയ്യും. കൊല്ലം ജില്ലയിലെ വയൽപ്രദേശങ്ങളിലെ 40 മുതൽ 80 ശതമാനംവരെ ചെടികളിലും തിരുവനന്തപുരം ജില്ലയിലെ 10 ശതമാനത്തിൽതാഴെ ചെടികളിലും രോഗലക്ഷണം റിപ്പോർട്ട് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.  മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ള കിഴങ്ങ്‌ അഴുകൽ രോഗത്തിൽനിന്ന്‌ വ്യത്യസ്‌തമായി ഇതിൽ കിഴങ്ങുമാത്രമേ അഴുകാറുള്ളൂ. മറ്റുഭാഗങ്ങളിലൊന്നും രോഗലക്ഷണങ്ങളില്ല. ഗവേഷകരായ ഡോ. എം കെ ധന്യ, ഡോ. വി എസ് ദേവി, പി എസ് ബിന്ദു, പല്ലവിനായർ, റസിയ ഫാത്തിമ എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ, വൈസ് പ്രസിഡന്റ്‌ ബിജു മുണ്ടപ്ലാക്കിൽ തുടങ്ങിയവർ ഒപ്പമുണ്ടായി. പാലക്കുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ‘പ്രതിരോധമാർഗങ്ങളും ശാസ്ത്രീയ കൃഷിരീതിയും’ വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കർഷകരുടെ  ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടി നൽകി. ഡോ. എം എൽ ജീവ, ഡോ. എസ് എസ് വീണ, ഡോ. കെ സൂസൻ ജോൺ, ടി എം ഷിനിൽ എന്നിവർ ക്ലാസ് നയിച്ചു. Read on deshabhimani.com

Related News