ബിഹാറിലെ പിഎഫ്‌ഐ ഗൂഢാലോചനായോഗം ; അന്വേഷണം കേരളത്തിലേക്ക്‌
 വ്യാപിപ്പിച്ച്‌ എൻഐഎ



കൊച്ചി ബിഹാറിലെ ഫുൽവാരി ഷെരീഫിൽ 2022 ജൂലൈയിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പിഎഫ്‌ഐ) പങ്കാളിത്തത്തോടെ നടന്ന രാജ്യവിരുദ്ധ ഗൂഢാലോചനായോഗങ്ങളുടെ തുടരന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച്‌ എൻഐഎ. മലപ്പുറം, കോഴിക്കോട്‌, കാസർകോട്‌, തിരുവനന്തപുരം ജില്ലകളിലാണ്‌ എൻഐഎ കഴിഞ്ഞദിവസം പരിശോധന നടത്തിയത്‌. ഫുൽവാരി ഷെരീഫിൽ യോഗങ്ങളിൽ എത്തിയവർക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും പിഎഫ്ഐ ആയുധപരിശീലകർ പരിശീലനം നൽകിയെന്ന സൂചന ലഭിച്ചതോടെയാണ്‌ അന്വേഷണം. നേരത്തേ കേരളത്തിൽ എൻഐഎ രജിസ്‌റ്റർ ചെയ്ത കേസിൽ പിഎഫ്ഐ മുഖ്യ ആയുധപരിശീലകൻ മുഹമ്മദ് മുബാറക് പിടിയിലായിരുന്നു. ഇയാളിൽനിന്ന് പരിശീലനം ലഭിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബിഹാർ, കർണാടകം, കേരളം എന്നിവിടങ്ങളിലെ 25 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 17,50,100 രൂപ പിടികൂടി. മൊബൈൽഫോൺ, ഹാർഡ്‌ഡിസ്‌ക്, സിംകാർഡ്‌, പെൻഡ്രൈവ്‌, ഡാറ്റ കാർഡ്‌ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി. ഇവയുടെ പരിശോധനാ റിപ്പോർട്ട്‌ കേസിൽ നിർണായകമാകും. 2022 ജൂലൈ 12ന് ബിഹാർ പൊലീസെടുത്ത കേസ്‌ എൻഐഎക്ക്‌ കൈമാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12ന് ഫുൽവാരി സന്ദർശിക്കുന്നതിനുമുമ്പായിരുന്നു ഗൂഢാലോചനായോഗം.പിഎഫ്‌ഐ പ്രവർത്തകർക്കായുള്ള ഭീകരപരിശീലന മാന്വൽ ഉൾപ്പെടെയുള്ള രേഖകൾ അറസ്‌റ്റിലായവരിൽനിന്ന്‌ കണ്ടെടുത്തിരുന്നു. 2047ൽ ഇന്ത്യയിൽ ഇസ്ലാമികഭരണം കൊണ്ടുവരുമെന്ന്‌ പറയുന്നതടക്കമുള്ള രേഖകളാണ്‌ കണ്ടെത്തിയത്‌. 14 പേരാണ്‌ പിടിയിലായത്‌. 2022 സെപ്തംബർ ഇരുപത്തെട്ടിനാണ്‌ പിഎഫ്‌ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. Read on deshabhimani.com

Related News