അപ്പീൽ നിലനിൽക്കെ തൊണ്ടി
നശിപ്പിക്കൽ : റിപ്പോർട്ട്‌ തേടി കോടതി



കൊച്ചി കൊലപാതകക്കേസിൽ അപ്പീൽ നിലനിൽക്കെ വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് തൊണ്ടിമുതലുകൾ നശിപ്പിക്കുന്നെന്ന പരാതിയിൽ ഹൈക്കോടതി ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് തേടി.  തൊണ്ടിമുതൽ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള അഡീഷണൽ സെഷൻസ്‌ ജഡ്‌ജിയുടെ ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തൊണ്ടിമുതൽ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്‌തുവെങ്കിൽ അത് എന്നാണെന്ന്‌ വ്യക്തമാക്കി റിപ്പോർട്ട്‌ നൽകണമെന്നും കോടതി നിർദേശിച്ചു. കൊല്ലം മൈലക്കാട്‌ ജോസ്‌ സഹായൻ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീൽ നിലനിൽക്കെ തൊണ്ടിമുതൽ നശിപ്പിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സഹായന്റെ ഭാര്യ ലിസി നൽകിയ ഉപഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്‌. ജോസ്‌ സഹായനെ 2009 ജൂലൈ 26ന്‌ രാത്രി ഒമ്പതിന്‌ കാറിലെത്തിയ സംഘം വീടിനുസമീപത്താണ്‌ വെട്ടി കൊലപ്പെടുത്തിയത്‌. ഏഴാംപ്രതിയായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്‌ പ്രശാന്ത്‌ ഉൾപ്പെടെ എല്ലാവരെയും കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതി–-നാല്‌ ജഡ്‌ജി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ജോസ്‌ സഹായന്റെ ഭാര്യ ലിസി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്‌. തൊണ്ടിമുതൽ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാമെന്ന്‌ പ്രതികളെ വെറുതെ വിട്ട ഉത്തരവിൽ കോടതി പറഞ്ഞിരുന്നു. തൊണ്ടിസാധനങ്ങൾ അപ്പീൽ കാലാവധിയായ 60 ദിവസംവരെ സൂക്ഷിക്കണമെന്നാണ് നിയമം. 25 ദിവസത്തിനകം അപ്പീൽ നൽകിയെങ്കിലും തൊണ്ടിമുതൽ നശിപ്പിക്കുന്നുവെന്ന ലിസിയുടെ ഉപഹർജിയിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. Read on deshabhimani.com

Related News