109 വനിതകൾ പൊലീസ്‌ സേനയുടെ ഭാഗമായി

ഫോട്ടോ: കെ എസ് പ്രവീൺ കുമാർ


തൃശൂർ കേരള പൊലീസ്‌ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 109 വനിതാ പൊലീസ്‌ ഓഫീസർമാർ സേനയുടെ ഭാഗമായി. രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ നടന്ന പാസിങ്‌ ഔട്ട്‌ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടർ കെ സേതുരാമൻ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്‌മെന്റ്, ട്രാഫിക്‌ മാനേജ്‌മെന്റ്, കേസന്വേഷണം, വിഐപി ബന്തവസ്, കരാത്തെ, യോഗ, ഹൈ അൾട്ടിട്യൂഡ്, തീരസുരക്ഷ, ദുരന്തനിവാരണം, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധപരിശീലനം, ഫയറിങ്‌, സ്വയരക്ഷ, നീന്തൽ, ഡ്രൈവിങ്‌ എന്നിവയിൽ  പരിശീലനം നൽകി. മലപ്പുറം സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും ഇവർക്ക്‌ ലഭിച്ചു. എംസിഎ–- രണ്ട്‌, എംബിഎ–- ഒന്ന്‌, എംടെക്–- രണ്ട്‌, ബിടെക് - 11, ബിഎഡ്–- എട്ട്‌, ബിരുദാനന്ത ബിരുദം - 23, ബിരുദം - 51, ഡിപ്ലോമ–- മൂന്ന്‌ എന്നിങ്ങനെയാണ്  സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബെസ്റ്റ് ഇൻഡോറായ സുചിത്ര പി രാമചന്ദ്രൻ, ബെസ്റ്റ് ഔട്ട്‌ഡോർ ഒ ശ്രീകല,  ബെസ്റ്റ് ഷൂട്ടർ പി പി വിനില പവിത്രൻ, യുകെ ബെസ്റ്റ് ഓൾറൗണ്ടർ എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്  ട്രോഫികൾ സമ്മാനിച്ചു. Read on deshabhimani.com

Related News