തണ്ണിമത്തൻ വിളയും തട്ടേക്കാടും ; വിജയംകൊയ്‌ത്‌ അച്ഛനും മകനും

കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ അനിൽ കുമാർ തട്ടേക്കാട് കെന്നഡിയുടെ തണ്ണിമത്തൻ തോട്ടത്തിലെത്തി 
അനുമോദിക്കുന്നു


   കോതമംഗലം - തട്ടേക്കാടിന്റെ സ്വന്തം തണ്ണിമത്തനുമായി വിപണി കീഴടക്കി അച്ഛനും മകനും. മധുരമൂറുന്ന കിരൺ ഇനം തണ്ണിമത്തനുകൾ കേരളത്തിലും ധാരാളമായി വിളയുമെന്ന്‌ തെളിയിക്കുകയാണ്‌ തട്ടേക്കാട് കൊച്ചുമുട്ടം  കെന്നഡിയും (55) മകൻ ബഞ്ചമിനും (25). രണ്ടേക്കറിലെ കൃഷിയിടത്തിൽനിന്ന്‌ ഇതുവരെ 12 ടൺ വിളവെടുത്തു. ഇനിയും 15 ടണ്ണിലധികം വിളവെടുക്കാൻ പാകമായി വിളഞ്ഞുകിടക്കുന്നുണ്ട്. ഹൈദരാബാദിൽനിന്ന് കൊണ്ടുവന്ന വിത്ത് 69 ദിവസംമുമ്പാണ് ഇവർ കൃഷി ചെയ്തത്. ജീവാമൃതം ഉൾപ്പെടെയുള്ള ജൈവവളവും നല്ല നനയും ചെന്നതോടെ ചെടികൾ നന്നായി ഫലം നൽകുകയും ചെയ്തു. കൃഷിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി വിജയം നേടിയ ആളാണ് കെന്നഡി. വ്യാവസായിക അടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. പിജി പഠനം പൂർത്തിയാക്കിയ മകൻ ബഞ്ചമിനും അച്ഛന്റെ പാതതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളും മറ്റൊരു സ്വാദിഷ്ടയിനമായ നാംധാരിയും ഇവരുടെ കൃഷിയിടത്തിലുണ്ട്‌. കോഴിക്കോട്, മലപ്പുറം മേഖലകളിലേക്കാണ്‌ കൂടുതലും കയറ്റി അയക്കുന്നത്‌. തണ്ണിമത്തൻകൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് ബഞ്ചമിനും കെന്നഡിയും പറഞ്ഞു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ കൃഷിയിടത്തിലെത്തി ഇരുവരെയും അനുമോദിച്ചു.   Read on deshabhimani.com

Related News