പൊലീസ്‌ കാർഡ്‌ കാണിച്ച്‌ കവർച്ച : 
കർണാടകക്കാരെ റിമാൻഡ്‌ ചെയ്‌തു



കൊച്ചി പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വയോധികയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ നാലുപേരെ ബുധനാഴ്‌ച റിമാൻഡ്‌ ചെയ്‌തു. ബൈക്കിൽ രക്ഷപ്പെട്ട മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കി. കർണാടകം ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനി സ്വദേശികളായ അസദുള്ള അഫ്‌സൽ അലിഖാൻ (33), ടക്കി അലി (41), മുഹമ്മദ് അൽ (22), അസകർ അൽ (41) എന്നിവരെയാണ് റിമാൻഡ്‌ ചെയ്‌തത്‌. ഇവരെ കസ്‌റ്റഡിയിൽ വാങ്ങാൻ വ്യാഴാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. ചൊവ്വ രാത്രി മുളവുകാട് കണ്ടെയ്‌നർ റോഡിൽ ടോൾ പ്ലാസയ്ക്കുസമീപം കാർ തടഞ്ഞാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. എറണാകുളം സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെയ്‌നർ ലോറി കുറുകെയിട്ട് പ്രതികൾ സഞ്ചരിച്ച ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാർ തടയുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽനിന്ന് പൊലീസ് യൂണിഫോം, തൊപ്പി എന്നിവ കണ്ടെത്തി.     പിടിയിലായത്‌ 14 ദിവസത്തിനുള്ളിൽ തമിഴ്‌നാട്, കർണാടകം പൊലീസിന് തലവേദനയായ സംഘം വ്യാപക കവർച്ച ലക്ഷ്യമിട്ടാണ്‌ കേരളത്തിൽ എത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കവർച്ചയ്‌ക്കുശേഷം ഉടൻ സ്ഥലംവിടുന്നതാണ്‌ രീതി. കൊച്ചി സിറ്റി പൊലീസ് സംഘം മുന്നിട്ടിറങ്ങിയതോടെ 14 ദിവസത്തിനകം വലയിലായി. പ്രതികളിൽനിന്ന് ഒരുലക്ഷത്തിലധികം രൂപ കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണമാണ്‌ ഇതെന്നാണ് വിവരം.   മഹാരാഷ്ട്രയിലും കർണാടകത്തിലും പരീക്ഷിച്ച് വിജയിച്ച മോഷണരീതി കേരളത്തിൽ ഇവർ ആലപ്പുഴയിലാണ് ആദ്യം പരീക്ഷിച്ചത്‌. പിന്നീട് കൊല്ലത്തുനിന്ന് സ്വർണം കൊള്ളയടിച്ചു. കൊച്ചിയിലെത്തിയ സംഘം മരടിൽ ഒരു സ്ത്രീയെ ലക്ഷ്യമിട്ടെങ്കിലും ആളുകൂടിയതോടെ ഉപേക്ഷിച്ചു. മടക്കയാത്രയ്ക്കിടെയാണ് സൗത്ത് മേൽപ്പാലത്തിനുസമീപം വയോധികയെ തടഞ്ഞുനിർത്തി ഏഴുപവന്റെ ആഭരണങ്ങൾ കൈക്കലാക്കിയത്‌. തൃശൂരിലെത്തിയ സംഘം അവിടെയും സമാനമായി കവർച്ച നടത്തി. മറ്റൊരു കവർച്ച ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. പൊലീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചശേഷം മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്താണ് വയോധികയുടെ ആഭരണങ്ങൾ ഊരിവാങ്ങിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നതാണ് രീതി. പാലിയേക്കര ടോൾപ്ലാസവഴി ഇവർ സഞ്ചരിച്ച  കാർ വന്നതായി സൗത്ത് പൊലീസിന് വിവരം ലഭിച്ചു. തുടരന്വേഷണത്തിലാണ്‌ കുടുങ്ങിയത്‌. Read on deshabhimani.com

Related News