വളമിടാനും കീടനാശിനി 
തളിക്കാനും ഇനി ഡ്രോൺ



കൊച്ചി കൃഷിയിടങ്ങളിൽ കള–-കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും ഇനി ഡ്രോണുകളും. കുറഞ്ഞ അളവിൽ കൂടുതൽ ഏരിയയിൽ നിമിഷങ്ങൾക്കുള്ളിൽ വളപ്രയോഗത്തിന്‌ കാർഷിക ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്‌ ജില്ലയിലെ കാർഷികമേഖല. ഇതിനുമുന്നോടിയായി മൂവാറ്റുപുഴ ആയവന സിദ്ധൻപടിയിൽ പൈനാപ്പിൾത്തോട്ടത്തിൽ  ശനി രാവിലെ 8.30ന്‌ കാർഷിക ഡ്രോൺ പ്രവൃത്തിപരിചയ പ്രദർശനം നടക്കും. തുടർന്ന്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശനം നടത്തും. സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ നൽകി കാർഷികരംഗവും സ്‌മാർട്ടാക്കുന്ന ‘സ്‌മാം’ പദ്ധതിയുടെ ഭാഗമായാണ്‌ കർഷകർക്ക്‌ പരിശീലനം നൽകുന്നത്‌. കർഷക ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഡ്രോൺ വാങ്ങാൻ 50 ശതമാനം സബ്‌സിഡിയും കൃഷിവകുപ്പ്‌ നൽകും. ഡ്രോണിൽ ഘടിപ്പിച്ച ബക്കറ്റിൽ ദ്രവരൂപത്തിലുള്ള വളവും കീടനാശിനിയും നിറച്ച്‌ പറത്തിവിടാം. കർഷകർക്ക്‌ താഴെനിന്ന്‌ റിമോട്ട്‌ കൺട്രോളിൽ നിയന്ത്രിക്കാം. 10 മിനിറ്റിൽ ഒരേക്കറിൽ വളപ്രയോഗം നടത്താം. 10 ലിറ്റർ ശേഷിയുള്ള ഡ്രോണിന്‌ അഞ്ചുലക്ഷത്തോളം രൂപയാണ്‌ വില. കാർഷികജോലികൾ എളുപ്പമാക്കാനും മികച്ച വിളവ്‌ ഉറപ്പാക്കാനും, ജില്ലയിൽ കഴിഞ്ഞവർഷം ‘സ്‌മാം’ പദ്ധതിയിൽ 1290 കർഷകർക്ക്‌ വിവിധയന്ത്രങ്ങൾ വിതരണം ചെയ്‌തതായി കൃഷിവകുപ്പ്‌ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ സുരേഷ്‌കുമാർ പറഞ്ഞു.  തെങ്ങുകയറ്റയന്ത്രവും ട്രാക്ടറും ട്രില്ലറും ഉൾപ്പെടെ 400 യന്ത്രങ്ങൾ ഈ സംവിധാനത്തിൽ വിതരണം ചെയ്‌തു. സബ്‌സിഡിയായി എട്ടുകോടി രൂപ നൽകി.  ഡ്രോണും ഇനി ഈ സംവിധാനത്തിലൂടെ വിതരണത്തിന്‌ തയ്യാറാകുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ പ്രവൃത്തിപരിചയ പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News