ലോക വയോജനദിനം ; പ്രത്യേക ക്ലിനിക്കുകള്‍ ഇന്നുമുതൽ 
രണ്ടാഴ്ച പ്രവർത്തിക്കും: മന്ത്രി

എറണാകുളം നഗരസഭ നഗര സാമൂഹിക കേന്ദ്രം ഉദ്‌ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി 
വീണാ ജോർജിനെ സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസി ശാന്തമ്മ ബാലകൃഷ്ണൻ സ്നേഹത്തോടെ ചേർത്തുനിര്‍ത്തുന്നു
 ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി ലോക വയോജനദിനത്തോടനുബന്ധിച്ച് ഒക്‌ടോബർ ഒന്നുമുതൽ രണ്ടാഴ്ച സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും പ്രത്യേക വയോജന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.  ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വയോജന ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തേവരയിൽ സംസ്ഥാനത്തെ ആദ്യ നഗര സാമൂഹികാരോഗ്യകേന്ദ്രവും ജില്ലയിൽ ആറു കുടുംബാരോഗ്യകേന്ദ്രങ്ങളും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി ‘360 ഡിഗ്രി ഡയബറ്റിക് ക്ലിനിക്കു’കൾ(സമ്പൂർണ ജീവിതശൈലീരോഗ ക്ലിനിക്‌) ആരംഭിക്കും.  ജീവിതശൈലീരോഗങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തെ 490 പഞ്ചായത്തുകളിൽ പ്രത്യേക സ്‌ക്രീനിങ്‌ ക്യാമ്പുകൾ നടത്തുന്നു. 27 ലക്ഷംപേരെയാണ് പരിശോധിച്ചത്. സംസ്ഥാനത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദവും രോഗീസൗഹൃദവുമാക്കി മാറ്റുകയാണ് ആർദ്രം മിഷൻ വഴി ലക്ഷ്യമിടുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ആരോഗ്യവകുപ്പിനൊപ്പം ഇറങ്ങി പ്രവർത്തിക്കുന്നതാണ് കേരളത്തെ മികച്ച ആരോഗ്യപരിചരണ സംവിധാനം എന്ന നേട്ടത്തിന് അർഹമാക്കിയതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News