ഹൃദയമിടിപ്പ്‌ പറയും വാൽവിന്റെ രോഗം ; പഠനത്തിന്‌ അന്താരാഷ്‌ട്ര അംഗീകാരം



തിരുവനന്തപുരം ഹൃദയമിടിപ്പിന്റെ ശബ്‌ദംനോക്കി വാൽവിലെ തകരാർ കണ്ടെത്താമെന്ന കേരള സർവകലാശാലയുടെ പഠനത്തിന്‌ അന്താരാഷ്‌ട്ര അംഗീകാരം. സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ബയോമെഡിക്കൽ ഗവേഷണമാണ്‌ പുത്തൻനേട്ടം കൊയ്‌തത്‌. ഹൃദയ ശബ്ദവീചിയെ സങ്കീർണമായ ശൃംഖലാധിഷ്ഠിത ഗ്രാഫിലൂടെ അപഗ്രഥിച്ച്‌ വാൽവിലെ തകരാർ മനസ്സിലാക്കാമെന്നാണ്‌  കണ്ടെത്തിയത്‌. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സാണ്‌ പഠനം മികച്ചതെന്ന്‌ വിലയിരുത്തിയത്‌. അവരുടെ അന്താരാഷ്‌ട്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് അപ്ലെയ്ഡ്‌ ഫിസിക്സിൽ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിക്കും. ലോകാരോഗ്യസംഘടനയും പ്രബന്ധം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓപ്റ്റോ ഇലക്ട്രോണിക്സ് മേധാവി പ്രൊഫ. എസ് ശങ്കരരാമന്റെ നേതൃത്വത്തിൽ ഡോ. എം എസ് സ്വപ്നയും വി വിജേഷുമാണ് പഠനം നടത്തിയത്. കേരള യൂണിവേഴ്സിറ്റിയിലെ ഫ്യൂച്ചർ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫ. കെ സതീഷ് കുമാറും പങ്കാളിയായി. വാൽവുകളിലെ തകരാർ ഹൃദയശബ്ദത്തിന്റെ തരംഗദൈർഘ്യത്തിലും ആവൃത്തിയിലും വ്യത്യാസം വരുത്തും. ഈ വ്യതിയാനങ്ങളുടെ സമഗ്രപഠനമാണ് നൂതനവിദ്യയുടെ അടിസ്ഥാന തത്വം. കോംപ്ലക്സ് നെറ്റ്‌വർക്ക്‌ അപഗ്രഥന രീതിയിൽ അധിഷ്ഠിതമായ ഒരു മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്‌. പഠനം  ഹൃദയ, ശ്വാസകോശ രോഗനിർണയങ്ങൾക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗമായി മാറിയേക്കാം. Read on deshabhimani.com

Related News