ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കൽ ജാഗ്രതയോടെ



ശബരിമല വിമാനത്താവളത്തിനായി നിലവിലുള്ള ഭൂപ്രശ്നങ്ങളുടെ നിയമക്കുരുക്കഴിക്കാൻ സൂക്ഷ്മതയോടെ നീങ്ങി‌‌ സർക്കാർ. സർക്കാരിന് അവകാശപ്പെട്ട ഭൂമിയിൽ തർക്കം തീർക്കുന്നതിനൊപ്പം മറ്റ് നടപടികളും സമാന്തരമായി നീങ്ങുകയാണ്‌.കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളിൽപ്പെട്ട 2263.8 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റവും യോജ്യമെന്നാണ് 2018ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്. ഹാരിസൺ മലയാളം ലിമിറ്റഡും ബിലീവേഴ്സ് ചർച്ചും (അയനാ ചാരിറ്റബിൾ ട്രസ്റ്റ് ) അവകാശവാദം ഉന്നയിച്ചുള്ള തർക്കം കോടതിയിലുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങാതെ വേഗത്തിലാക്കാനാണ്‌ ‌ സർക്കാർ ശ്രമം‌. ഉടമസ്ഥത കേസ് കോടതിയിലെത്തുന്നത് 2011ൽ ആണ്‌. വ്യവഹാരം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളം വേണമെന്ന 2017ൽ എടുത്ത തീരുമാനത്തിനു ശേഷമാണ്‌ വേഗത വന്നത്‌. പ്രത്യേക ഓഫീസറെ നിയോഗിച്ച് വസ്തുനിയമപ്രകാരം ഏറ്റെടുക്കൽ നടപടി തുടങ്ങി. അതിന് സ്റ്റേ വന്നപ്പോൾ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഭൂമി ഏറ്റെടുക്കാൻ ഓർഡിനൻസ്‌ ഇറക്കി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ലൂയിസ് ബർഗർ സമിതി 2018ൽ  റിപ്പോർട്ട് സർക്കാരിന് നൽകി.  വിമാനത്താവള സ്ഥലം സർക്കാരിന് അവകാശപ്പെട്ടതാണെന്ന യാഥാർഥ രേഖകളാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ചത്.   എന്നാൽ, മുമ്പ്‌ നടന്ന വ്യവഹാരത്തിൽ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളിയെങ്കിലും അവകാശം സ്ഥാപിച്ചുകിട്ടാൻ സിവിൽ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി ഈ വസ്തുവിൽ സർക്കാരിനുള്ള അവകാശം അനുവദിക്കാനും കൈവശക്കാരെ ഒഴിപ്പിച്ചുകിട്ടാനും വേണ്ടിയാണ് പാലാ സബ് കോടതിയിൽ കേസ് ഫയൽ ചെയ്ത് വാദം തുടരുന്നത്. ഇതേ സമയം മറ്റ് നടപടികളും നീക്കുന്നുണ്ട്. കേസിൽ നിന്നും ഭൂമിയെ മോചിപ്പിച്ചാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുമായി പോകാനും സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറാനുമാവും. Read on deshabhimani.com

Related News