യന്ത്രപ്പെരുച്ചാഴി ഇറങ്ങി ; മാൻഹോളുകൾ ഇനി മാലിന്യരഹിതം



കൊച്ചി അഴുക്കുനിറഞ്ഞതും അപകടകരവുമായ നഗരത്തിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ഇനി മനുഷ്യജീവൻ പണയം വയ്‌ക്കേണ്ട. ശ്രമകരമായ ആ ജോലി ബൻഡിക്കൂട്ട്‌ അഥവാ പെരുച്ചാഴി എന്നു പേരുള്ള റോബോട്ട്‌ ഏറ്റെടുത്തുകഴിഞ്ഞു. ജനറൽ ആശുപത്രി റോഡിൽ ജല അതോറിറ്റി ചീഫ്‌ എൻജിനിയർ ഓഫീസിനുമുന്നിലെ മാൻഹോളിൽനിന്ന്‌ മാലിന്യം പുറത്തെടുത്തുകൊണ്ടായിരുന്നു ബൻഡിക്കൂട്ടിന്റെ രംഗപ്രവേശം. നഗരത്തിലെ മുപ്പതോളം മാൻഹോളുകളിൽനിന്നുള്ള മാലിന്യം കൃത്യമായ ഇടവേളകളിൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ബൻഡിക്കൂട്ട്‌ കോരി മാറ്റും. മേയർ എം അനിൽകുമാർ റോബോട്ടിന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. കൊച്ചി കോർപറേഷനുവേണ്ടി പൊതുനന്മഫണ്ട്‌ ചെലവഴിച്ച്‌  കൊച്ചി കപ്പൽശാലയാണ്‌ റോബോട്ടിനെ വാങ്ങി നൽകിയത്‌. സ്‌റ്റാർട്ടപ് സംരംഭമായ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്‌ റോബോട്ട്‌ നിർമിച്ചത്‌. 39.52 ലക്ഷം രൂപയാണ്‌ വില. ചക്രങ്ങളോടുകൂടിയ നാലുകാലുകളുള്ള റോബോട്ടിനെ എളുപ്പത്തിൽ ആവശ്യമുള്ളിടത്തേക്ക്‌ എത്തിക്കാനാകും. കംപ്യൂട്ടർ സ്‌ക്രീനോളം വലിപ്പമുള്ള മോണിട്ടറോടുകൂടിയ നിയന്ത്രണ സംവിധാനവും മാൻഹോളിലേക്ക്‌ ഇറങ്ങി വൃത്തിയാക്കാനുള്ള ഡ്രോണുമാണ്‌ ഇതിന്റെ പ്രധാന ഭാഗങ്ങൾ. തുറന്നുവച്ച മാൻഹോളിനുമുകളിൽ ഉറപ്പിക്കുന്ന ബൻഡിക്കൂട്ടിൽനിന്ന്‌ ഡ്രോൺ ഭാഗം ലംബമായി എത്ര ആഴത്തിലും ഇറങ്ങിച്ചെല്ലും. മാൻഹോളിനുള്ളിലെ ദൃശ്യങ്ങൾ തത്സമയം മോണിറ്ററിൽ കാണാം. ഉള്ളിലെ മാലിന്യത്തിന്റെ വ്യാപ്‌തിയും സ്വഭാവവും കണക്കാക്കി ഡ്രോണിന്റെ അറ്റത്തെ നാല്‌ ഇതളുകളുള്ള ലോഹഭാഗം വിടർത്തി അവ കോരി കരയ്‌ക്കെത്തിക്കാം. ഉൾഭാഗത്ത്‌ കോരാനും വൃത്തിയാക്കാനും കഴിയുംവിധം ഇവ ചലിപ്പിക്കാനുമാകും. ഹോസ്‌പിറ്റൽ റോഡിലെ മാൻഹോളിൽ നടന്ന ഡെമൊൺസ്‌ട്രേഷനിലൂടെ പ്ലാസ്‌റ്റിക്‌ ഉൾപ്പെടെ മാലിന്യങ്ങൾ ബൻഡിക്കൂട്ട്‌ കോരി പുറത്തെത്തിച്ചു. പുറത്തെടുക്കുന്ന മാലിന്യം ട്രോളിയിൽ നിറച്ചാണ്‌ മറ്റൊരിടത്തേക്ക്‌ മാറ്റുക. റോബോട്ട്‌ സംവിധാനത്തിന്റെ ഉപയോഗത്തിലൂടെ നഗരത്തിലെ മാൻഹോളുകളുടെ ശുചീകരണം കൂടുതൽ കാര്യക്ഷമമാകുമെന്ന്‌ മേയർ പറഞ്ഞു. തോടുകളുടെയും കാനകളുടെയും ശുചീകരണത്തിന്‌ ചെന്നൈ മാതൃകയിലുള്ള യന്ത്രങ്ങളും വൈകാതെ എത്തും. അവ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഡെപ്യൂട്ടി മേയർ കെ എ അൻസിയ അധ്യക്ഷയായി. കൊച്ചി കപ്പൽശാല സിഎംഡി മധു എസ്‌ നായർ മുഖ്യാതിഥിയായി. കൗൺസിലർമാരായ ആന്റണി കുരീത്തറ, പത്മജ എസ്‌ മേനോൻ, ജല അതോറിറ്റി ചീഫ്‌ എൻജിനിയർ ടി പി ഇന്ദുലേഖ എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News