സന്തോഷും വിനോദും 
ഇനിയും ഒന്നിച്ചുതന്നെ ; കെഎസ്ഇബിയുടെ പടിയിറങ്ങി ഇരട്ടകൾ



കളമശേരി ഇരട്ടകളായി ജനിച്ച് ഒന്നിച്ച്‌ ഉണ്ടുറങ്ങി, പഠിച്ച് കളിച്ചുവളർന്ന സി പി സന്തോഷും സി പി വിനോദും ഒരേ ജോലിയിൽനിന്ന് വിരമിച്ചതും ഒരുമിച്ച്. കെഎസ്ഇബി ഓവർസിയർ പദവിയിൽനിന്ന് ബുധനാഴ്ച നടന്ന പടിയിറക്കത്തിന് ദിവസങ്ങൾമുമ്പാണ് ഇരുവരും തങ്ങളുടെ സംഘടനാചുമതലകൾ ഒഴിഞ്ഞത്. സന്തോഷും വിനോദും കൊച്ചി സ്വദേശികളായ പീറ്ററിന്റെയും ഫ്ലോറിയുടെയും മക്കളാണ്. ഏലൂർ എച്ച്ഐഎൽ കമ്പനി ജീവനക്കാരനായിരുന്ന പീറ്ററും കുടുംബവും പാതാളത്തെ ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇരട്ടകൾ ജനിച്ചതും യൗവനം പിന്നിട്ടതും ഇവിടെയാണ്. ഫാക്ട് ഈസ്റ്റേൺ സ്കൂൾ, ഫാക്ട് ഹൈസ്കൂൾ, സെന്റ്‌ പോൾസ് കോളേജ്, കളമശേരി ഐടിഐ എന്നിവിടങ്ങളിലാണ്‌ പഠിച്ചത്. കളമശേരിയിലെ പഠനകാലത്ത് വിദ്യാർഥിസംഘടനാ പ്രവർത്തകരുമായി. ഏലൂർ–- കളമശേരി മേഖലയിൽ ഇവർക്ക് വലിയ സൗഹൃദവലയമുണ്ട്. പൊതുപ്രവർത്തനം, നാടകം, കബഡി, ഫുട്ബോൾ തുടങ്ങി എല്ലാ മേഖലയിലും സജീവമായിരുന്നു. ഇപ്പോൾ കുടുംബസമേതം അരൂരിൽ ഒരു പറമ്പിൽ പണിത രണ്ടു വീടുകളിലാണ് താമസിക്കുന്നത്.1995ൽ കെഎസ്ഇബിയിൽ വർക്കർ തസ്തികയിൽ ജോലി നേടിയതും ഒന്നിച്ചായിരുന്നു. അരൂർ സെക്‌ഷനിലായിരുന്നു ആദ്യനിയമനം. പിന്നീട് ലൈൻമാനായി തകഴിയിലേക്ക് സ്ഥലം മാറ്റവും ഒരുമിച്ചായിരുന്നു. എളുപ്പം തിരിച്ചറിയാനാകാത്ത വിധം രൂപസാദൃശ്യമുള്ള ഇവർ 10 വർഷം ഒരുമിച്ച് വിവിധ സെക്‌ഷനുകളിൽ ജോലി ചെയ്തശേഷമാണ് വ്യത്യസ്ത സെക്‌ഷനുകളിലേക്ക് മാറിയത്. ഇതിനിടയിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ നേതാക്കളായി. അസോസിയേഷന്റെ ചുമതല ഒഴിയുമ്പോൾ വിനോദ്  ചേർത്തല ഡിവിഷന്റെയും സന്തോഷ് മട്ടാഞ്ചേരി ഡിവിഷന്റെയും സെക്രട്ടറിയായിരുന്നു. സന്തോഷിന്റെ ഭാര്യ: ജിൻഷ. മക്കൾ: എയ്ഞ്ചൽ, കാതറിൻ, കീർത്തന. വിനോദിന്റെ ഭാര്യ ജോഫിയും മകൻ ജോവിനും.   Read on deshabhimani.com

Related News